തൃപ്പൂണിത്തുറയ്ക്ക് പുതുവത്സര സമ്മാനമായി മെട്രൊ എത്തും

ഡിസംബറിൽ നിർമാണം പൂർത്തിയാകും, ജനുവരിയിൽ കമ്മീഷൻ ചെയ്യും.
Kochi Metro, representative image
Kochi Metro, representative image

കൊച്ചി: തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള കൊച്ചി മെട്രോ ഫേസ്‌ 1 ബിയുടെ തൃപ്പൂണിത്തുറ മെട്രൊ നിർമാണം ഡിസംബർ പകുതിയോടെ പൂർത്തീകരിക്കും. ജനുവരിയോടെ പാത കമ്മീഷൻ ചെയ്‌ത്‌ സർവീസ്‌ ആരംഭിക്കാനാണ് കെഎംആർഎൽ തയ്യാറെടുക്കുന്നത്‌. എസ്‌എൻ ജങ്ഷൻ സ്‌റ്റേഷൻ മുതലുള്ള 1.163 കിലോമീറ്റർ മെട്രൊ ലൈനിന്‍റെ വയഡക്ടിന്‍റെയും റെയിൽപ്പാത വിരിക്കലിന്റെയും ജോലികൾ ഇതിനോടകം പൂർത്തികരിച്ചിട്ടുണ്ട്. സിഗ്‌നൽ സംവിധാനവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുള്ള ടെർമിനലിന്‍റെ പാസഞ്ചർ ഏരിയയുടെ നിർമ്മാണജോലികളും അവസാന ഘട്ടത്തിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവനായും ഈ മാസം അവസാനത്തോടെ പൂർത്തിയാക്കി ഡിസംബറിൽ ട്രയൽ റൺ ആരംഭിക്കും.

ജനുവരി ആദ്യവാരം സേഫ്‌റ്റി കമീഷണറുടെ പരിശോധന കൂടി നടത്തിയ ശേഷം‌. ജനുവരിയിൽ ആദ്യ സർവീസ് ആരംഭിക്കും. എസ്‌എൻ ജങ്ഷൻ മെട്രൊ സ്‌റ്റേഷനിൽ നിന്ന്‌ ആരംഭിച്ച്‌ മിൽമ പ്ലാ ന്‍റിന് മുന്നിലൂടെ‌ റെയിൽവേ മേൽപ്പാലം മുറിച്ചുകടന്ന്‌ റെയിൽപ്പാതയ്‌ക്ക്‌ പടിഞ്ഞാറ്‌ ഭാഗത്തുകൂടിയായാണ്‌ മെട്രൊലൈൻ ടെർമിനലിലേക്ക്‌ നീളുന്നത്‌. 356 കോടിയാണ്‌ ചെലവ്. 2020 ആഗസ്‌തിലാണ്‌ ഈ ഭാഗത്തിന്‍റെ നിർമാണം തുടങ്ങിയത്‌. തൃപ്പൂണിത്തുറയിലേക്കുകൂടെ മെട്രൊ എത്തുന്നതോടെ ഒന്നാം ഘട്ടത്തിലെ മെട്രൊ സ്‌റ്റേഷനുകളുടെ എണ്ണം 25 ആകും. ഇതോടെ കൊച്ചി മെട്രൊ ഒന്നാംഘട്ടവും പൂർത്തിയാവും.

അതേസമയം, കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിലെ മൂന്ന് സ്റ്റേഷനുകളുടെ നിർമ്മാണത്തിന് കരാറായി. കിൻഫ്രാ, ചിറ്റേത്തുകര , ഇൻഫോപാർക്ക് എന്നീ മെട്രൊ സ്റ്റേഷനുകൾക്കാണ് കരാറായത്. മൂന്ന് സ്റ്റേഷനുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും.

സ്റ്റേഷനുകളുടെ അകത്തേക്കും പുറത്തേയ്ക്കുമുള്ള പ്രവേശന കവാടത്തിന്‍റെ നിർമ്മാണപ്രവർത്തനത്തിന്‍റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത് സ്വകാര്യ ഏജൻസിയെയാണ്. ഇതിന്‍റെ നിർമ്മാണവും ഉടൻ ആരംഭിക്കും. 20 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിന്‍റെ നിർമ്മാണ പ്രവർത്തങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com