
കൊച്ചി: പറവൂര്‍ വള്ളുവള്ളിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 38 പേര്‍ക്ക് പരുക്ക്. സ്റ്റിയറിംഗ് പെട്ടെന്ന് സ്റ്റക്കായെന്നാണ് വിവരം. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഗുരുവായൂരില്‍ നിന്ന് വൈറ്റിലയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രയ്ക്കിടെ സ്റ്റിയറിങ്ങിന്‍റെ ഭാഗങ്ങള്‍ അഴിഞ്ഞുവീണെന്നും ബസിന്‍റെ ടയറുകള്‍ തേഞ്ഞുതീര്‍ന്ന് കമ്പി പുറത്തുകാണുന്ന നിലയിലായിരുന്നെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. അപകടത്തിന് തൊട്ടുമുന്‍പ് തന്നെ വാഹനത്തിന് വിറയല്‍ അനുഭവപ്പെട്ടിരുന്നു. സംശയം തോന്നിയപ്പോള്‍ അത് പരിശോധിക്കണമെന്ന് ഡ്രൈവര്‍ കണ്ടക്ടറെ അറിയിച്ചിരുന്നു. എന്നാല്‍ വാഹനത്തില്‍ നിറയെ യാത്രക്കാരായതിനാൽ ബസ് നിര്‍ത്തേണ്ടെന്ന് കണ്ടക്ടര്‍ ഡ്രൈവറോട് പറഞ്ഞതായും യാത്രക്കാര്‍ പറയുന്നു.
ഇതിന് ശേഷം ഏകദേശം 1 കിലോമീറ്റര്‍ ദൂരം മുന്നോട്ടുപോയി വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മരത്തില്‍ ഇടിച്ച് അപകടം ഉണ്ടാവുകയായിരുന്നു.