

ജിബി സദാശിവൻ
കൊച്ചി: എറണാകുളത്തെ യുവതലമുറ എംഡിഎംഎ, കഞ്ചാവ് എന്നിവയ്ക്ക് പുറമെ മാരകമായ ലഹരിക്ക് അടിമകളെന്ന് എക്സൈസ് കണക്കുകൾ. ഈ വർഷത്തെ ആദ്യ അഞ്ചു മാസത്തിൽ 154 ഗ്രാം ബ്രൗൺ ഷുഗർ, 270 ഗ്രാം ഹെറോയിൻ, 558 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് എക്സൈസ് പിടികൂടിയത്. ഇതേ കാലയളവിൽ 902 ഗ്രാം എംഡിഎംഎ, 133 കിലോ കഞ്ചാവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 73 കഞ്ചാവ് ചെടികളും റെയ്ഡുകളിൽ പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അതിസാഹസികമായാണ് കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ അതിമാരകമായ ലഹരിമരുന്നുമായി തുമ്പിപ്പെണ്ണ് എന്നറിയപ്പെടുന്ന സൂസിയുടെ നേതൃത്വത്തിലുള്ള ലഹരി സംഘത്തെ എക്സൈസ് സംഘം പിടികൂടിയത്. ആയുധങ്ങളുമായി ലഹരി വിൽപ്പന നടത്തിയിരുന്ന സംഘം ഹിമാചൽ പ്രദേശിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്ത് നെടുമ്പാശേരിയിൽ എത്തിച്ച ശേഷമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിറ്റഴിച്ചിരുന്നത്. ജില്ലയിലെ സ്‌കൂൾ, കോളെജ് വിദ്യാർഥികളായിരുന്നു ഇവരുടെ ഉപഭോക്താക്കൾ.
എക്‌സൈസ് വകുപ്പും സംസ്ഥാന സർക്കാരും ലക്ഷങ്ങൾ ലഹരി വിരുദ്ധ ബോധവത്കരണത്തിനായി ചെലവിടുന്നുണ്ടെങ്കിലും ലഹരി ഉപഭോഗം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക് ലഹരി കൊച്ചിയിലെത്തുന്നത്. ബെംഗളൂരുവിൽ നിന്നാണ് ലഹരിയിൽ ഏറെയും കേരളത്തിലെത്തുന്നത്. മലയാളി വിദ്യാർഥികളാണ് ഇതിന്‍റെ കരിയർമാർ. കഞ്ചാവ്, ഹാഷിഷ് എന്നിവ ചെടികളായും കൊച്ചിയിലേക്ക് കടത്തുന്നുണ്ട്. ക്രിസ്മസ്, പുതുവർഷ സീസൺ അടുക്കുന്നതോടെ ലഹരി കടത്ത് വ്യാപകമാകുമെന്നാണ് എക്സൈസ് നിരീക്ഷണം.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ എൻഡിപിഎസ് ആക്റ്റ് പ്രകാരം 365 കേസുകളാണ് കൊച്ചിയിൽ രജിസ്റ്റർ ചെയ്തത്. 44 വാഹനങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ജനുവരിയിൽ 22.6 ഗ്രാം എംഡിഎംഎ ആയിരുന്നു പിടിച്ചെടുത്തിരുന്നതെങ്കിൽ മെയ് മാസത്തിൽ ഇത് 740 ഗ്രാമായി വർധിച്ചു. കഴിഞ്ഞ ജനുവരിയിൽ രജിസ്റ്റർ ചെയ്ത എന്ഡിപിഎസ് കേസുകളുടെ എണ്ണം 69 ആയിരുന്നെങ്കിൽ മെയ് മാസമായപ്പോഴേക്കും അത് 75 കേസുകളായി ഉയർന്നു. ബ്രൗൺ ഷുഗർ, ഹെറോയിൻ, ഹാഷിഷ് ഓയിൽ ഉപഭോഗം ചെറുപ്പക്കാർക്കിടയിൽ വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നഗരത്തിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കേന്ദ്രീകരിച്ചാണ് രാത്രികാലങ്ങളിൽ ലഹരി കച്ചവടം നടക്കുന്നത്. കെ എസ് ആർ ടി സി പരിസരം, മട്ടാഞ്ചേരി, തോപ്പുംപടി, മറൈൻഡ്രൈവ് എന്നിവിടങ്ങളും ലഹരി മാഫിയ സജീവമാണ്. പാസഞ്ചർ ട്രെയിനുകളിൽ വരുന്ന വിദ്യാർഥികളും ലഹരി സംഘത്തിന്‍റെ കെണിയിൽ വീണിട്ടുണ്ട്. വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് സിഗരറ്റ് വ്യാപകമാണ്. നഗരത്തിലെ സ്വകാര്യ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചും ലഹരി കൈമാറ്റം നടക്കുന്നുണ്ട്. പനമ്പള്ളി നഗറിലും ചിറ്റൂർ റോഡിലുമൊക്കെ ഇത്തരം സംഘങ്ങൾ വ്യാപകമാണ്. സദാചാര പൊലീസ് എന്ന പഴി കേൾക്കേണ്ടി വരുമെന്ന് പേടിച്ചും മാധ്യമങ്ങളുടെയും സമൂഹ മാധ്യമങ്ങളുടെയും വിചാരണ ഭയന്നും എല്ലാം അറിയുന്ന പൊലീസും പലപ്പോഴും നിസംഗത പുലർത്തുന്നു.
രാത്രി കാലങ്ങളിൽ റോഡരികിൽ കഞ്ചാവ് ഉപയോഗം വർധിക്കുന്നു എന്നതിന് തെളിവാണ് റോഡുകളിൽ പലയിടത്തും കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവമെന്ന് എക്സൈസ് ഉദ്യോഗസ്‌ഥർ പറയുന്നു. എന്നാൽ ആരുടേയും ശ്രദ്ധയിൽ പെടാതിരിക്കാൻ പൊതുസ്‌ഥലങ്ങളിൽ ഇത് വളർത്തുന്നവരുടെ എണ്ണവും കുറവല്ല. മട്ടാഞ്ചേരിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ അടുത്തിടെ മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു. യുവാക്കളും യുവതികളും താമസിക്കുന്ന പലസ്‌ഥലങ്ങളിലും കഞ്ചാവ് ചെടികൾ ഉണ്ടെന്ന് എക്സൈസ് ഇന്‍റെലിജൻസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ചെടിയുടെ ഇലകൾ പറിച്ച് മൈക്രോവേവ് ഒവനിൽ ചൂടാക്കിയ ശേഷം ഇത് ഉപയോഗിക്കുന്നവരും ഏറെയാണ്. ഒരു കഞ്ചാവ് ചെടി വളർത്തിയാൽ പോലും പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും പലരും ഇതിന്‍റെ ഗൗരവം മനസിലാക്കാതെയാണ് കഞ്ചാവ് ചെടികൾ വീട്ടുവളപ്പിൽ പോലും വളർത്തുന്നത്.