കൊച്ചി നഗരം കുടിവെള്ള ക്ഷാമത്തിലേക്ക്

കുടിവെള്ളം ഇല്ലെന്ന് പറഞ്ഞാൽ പരിശോധിക്കാൻ പോലും ജല അഥോറിറ്റി അധികൃതർ തയാറാവുന്നില്ല. പ്രതിദിനം 30 എംഎൽഡി ജലത്തിന്‍റെ കുറവ് നഗരത്തിൽ അനുഭവപ്പെടുന്നുണ്ട്
കൊച്ചി നഗരം കുടിവെള്ള ക്ഷാമത്തിലേക്ക്

കൊച്ചി: നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. ജില്ലയിലെ പല സ്‌ഥലങ്ങളിലും കഴിഞ്ഞ നാല് മാസമായി കുടിവെള്ളം കിട്ടാൻ ബുദ്ധിമുട്ടുണ്ട്. കൊച്ചി നഗരത്തിലെ പച്ചാളം, വടുതല, കലൂർ, ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലും വൈപ്പിൻ ഭാഗത്ത് എളങ്കുന്നപ്പുഴ, ഞാറക്കൽ, എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിലെ വിവിധപ്രദേശങ്ങളിലും തൃക്കാക്കര ഭാഗത്ത്‌ തെങ്ങോട്, കളത്തിക്കുഴി, ഇടച്ചിറ, മനക്കക്കടവ്, പരിസരങ്ങളിലും തൃപ്പൂണിത്തുറ, ഏരൂർ നഗരസഭയിലെ പ്രദേശങ്ങൾ ഉദയംപേരൂർ പഞ്ചായത്തിന്‍റെ ഭാഗങ്ങൾ എന്നിവിടങ്ങളിലും നെട്ടൂർ, കുമ്പളം, പനങ്ങാട് പ്രദേശങ്ങളിലും കളമശ്ശേരി ഭാഗത്ത്‌ നഗരസഭാപരിസരങ്ങൾക്കു പുറമെ, കങ്ങരപ്പടി, തേവക്കൽ, ആലങ്ങാട്, കളമശ്ശേരി,കരുമാല്ലൂർ, കുന്നുകര, ഏലൂർ നഗരസഭാ ഭാഗങ്ങളിലും പറവൂർ ഭാഗത്ത്‌ നോർത്ത് പറവൂർ നഗരസഭാ പ്രദേശങ്ങളിലും, കൊട്ടുവള്ളി, വരാപ്പുഴ, ഏഴിക്കര, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാട്ടുകര, പുത്തൻവേലിക്കര എന്നീപഞ്ചായത്തുകളിലെ വിവിധപ്രദേശങ്ങളിലും കൊച്ചിഭാഗത്ത് പശ്ചിമകൊച്ചി, ചെല്ലാനം, കണ്ണമാലി, എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്.

പ്രാദേശികമായി ജലദൗർലഭ്യത്തിന്‍റെ രൂക്ഷതയിൽ വ്യത്യാസമുള്ളപ്പോഴും, പൊതുവിൽ ശുദ്ധജലം കിട്ടാക്കനിയായി മാറിയ ഇടങ്ങൾ നിരവധിയാണ്. എറണാകുളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാതെ പ്രയാസപ്പെടുന്നവരുടെ വിലാപങ്ങൾ സമൂഹം കേൾക്കാൻ തുടങ്ങിയിട്ട്‌ നാളുകളേറെയായി. ഏഴുമാസത്തിലധികമായി കൊച്ചി നഗരത്തിലും ആലുവ നഗരസഭയിലും ആവശ്യമായ കുടിവെള്ളം കിട്ടാതെ ജനം പൊറുതിമുട്ടുകയാണ്.

കുടിവെള്ളം ഇല്ലെന്ന് പറഞ്ഞാൽ പരിശോധിക്കാൻ പോലും ജല അഥോറിറ്റി അധികൃതർ തയാറാവുന്നില്ല. പ്രതിദിനം 30 എംഎൽഡി ജലത്തിന്‍റെ കുറവ് നഗരത്തിൽ അനുഭവപ്പെടുന്നുണ്ട്. ആലുവയിലെ 15 വർഷം പഴക്കമുള്ള മോട്ടോർ മാറ്റണമെന്ന ആവശ്യം ഉയർന്നിട്ട് നാളേറെയായിട്ടും നടപടിയുണ്ടായിട്ടില്ല. കുടിവെള്ള വിതരണത്തിനായി പദ്ധതികൾ തയാറാക്കാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ ഫണ്ടും ഇല്ല. ഫ്ലാറ്റുകളിലടക്കം കുടിവെള്ളമെത്തിക്കുന്നത് ടാങ്കറുകളിലാണ്. വെള്ളം എത്തിക്കുന്നില്ലെങ്കിലും കൃത്യമായി ബിൽ എത്തിക്കുന്നുണ്ട്. മരട് പ്ലാന്‍റിലെ ഒരു പമ്പ് കേടായതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം ഇപ്പോഴും തുടരുകയുമാണ്. ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിലെ നിരവധി ലക്ഷംവീട്, എസ്.സി. കോളനികളിലും ഉയർന്നപ്രദേശങ്ങളിലും ജലഅതോറിറ്റിയുടെ ജലവിതരണം കാര്യക്ഷമമല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതി പലയിടങ്ങളിലും പാതിവഴിയിൽ നിലച്ചുകിടക്കുകയാണ്. അമൃത് പദ്ധതിയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com