Manu Shelly
ഒറ്റ മഴയിൽ വെള്ളത്തിലായ മേനക - മറൈൻ ഡ്രൈവ് ഭാഗം.Metro Vaartha

കോടികൾ മുടക്കി അര ഡസൻ പദ്ധതികൾ, എന്നിട്ടും കൊച്ചി വെള്ളത്തിൽ

ബെംഗളൂരുവിൽ കുടിവെള്ള ക്ഷാമമായപ്പോൾ ഐടി കമ്പനികളെല്ലാം ഇങ്ങോട്ട് പോരൂ, ഇവിടെ ആവശ്യത്തിന് വെള്ളമുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാൽ ഒറ്റ മഴയിൽ തന്നെ ഇൻഫോപാർക്കിൽ ആവശ്യത്തിൽ കൂടുതൽ വെള്ളമെത്തി
1.

ജിബി സദാശിവൻ

കൊച്ചി: 2018 ലെ പ്രളയകാലത്ത് നിന്ന് ഒരിഞ്ച് പോലും കൊച്ചി മുന്നോട്ട് പോയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇത്തവണയും ഒറ്റ മഴയിൽ കൊച്ചിയിലുണ്ടായ വെള്ളക്കെട്ട്. അമൃത് പദ്ധതി, സ്മാർട്ട് സിറ്റി പദ്ധതി, ഓപ്പറേഷൻ ബ്രേക്ക് ത്രൂ... ഇങ്ങനെ പദ്ധതികൾ അരഡസനോളമുണ്ട്. ചെലവഴിച്ച കോടികൾക്കും കണക്കില്ല. പക്ഷെ ഒരു മഴ പെയ്താൽ ഇപ്പോഴും വെള്ളക്കെട്ടാണ്.

2. 'ജലസമൃദ്ധമായ' ഇൻഫോ പാർക്ക്

ഹൈക്കോടതി നിരവധി തവണ ഇടപെട്ടു, പ്രക്ഷോഭങ്ങൾ നിരവധി കണ്ടു, പക്ഷേ, ജനങ്ങളുടെ ദുരിതത്തിന് മാത്രം മാറ്റമില്ല. കാക്കനാട് പോലെ പൊതുവെ ഉയരമുള്ള പ്രദേശങ്ങളിൽ പോലും വെള്ളപ്പൊക്കം ഉണ്ടാകുന്നത് പുതിയ അനുഭവമാണ്. ആദ്യ മഴയിൽ വെള്ളത്തിലായ ഇൻഫോപാർക്കിൽ ബണ്ട് പൊട്ടിച്ചും കാന വൃത്തിയാക്കിയും എല്ലാം ശരിയാക്കി എന്നായിരുന്നു ഇൻഫോപാർക്ക് മാനേജ്‌മെന്‍റും സർക്കാരും അവകാശപ്പെട്ടത്. എന്നാൽ, കഴിഞ്ഞ ദിവസത്തെ മഴയിലും ഇൻഫോപാർക്ക് മുങ്ങി. ബെംഗളൂരുവിൽ രണ്ടു ദിവസം കുടിവെള്ള ക്ഷാമം ഉണ്ടായപ്പോൾ ഐ ടി കമ്പനികളെല്ലാം ഇങ്ങോട്ട് പോരൂ, ഇവിടെ ആവശ്യത്തിന് വെള്ളമുണ്ടെന്നായിരുന്നു വ്യവസായ മന്ത്രി പറഞ്ഞത്. എന്നാൽ ഒറ്റ മഴയിൽ തന്നെ കാക്കനാട് ഇൻഫോപാർക്കിൽ "ആവശ്യത്തിൽ കൂടുതൽ വെള്ളമെത്തി".

3. ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ

പദ്ധതികൾക്ക് രൂപം നൽകുമ്പോൾ കൃത്യമായ പഠനം നടത്താത്തതോ ദീർഘവീക്ഷണത്തോടെ പദ്ധതികൾ തയാറാക്കാത്തതോ ആണ് വെള്ളക്കെട്ടിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിൽ നാഗരാസൂത്രണത്തിന്‍റെ ഭാഗമായി നടന്ന ഒരു പഠനത്തിലും ഭൂമിയുടെ ഉയർച്ചയും താഴ്ചയും മനസിലാക്കാൻ കഴിയുന്ന കൊണ്ടോർ മാപ്പ് രേഖപ്പെടുത്തിയിട്ടില്ല. കൊച്ചി നഗരസഭയിലെ ഒട്ടുമിക്ക ഡിവിഷനുകളും കടലിനും കായലിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.

മഴ പെയ്ത് വരുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകില്ല, അത് കായലിലേക്ക് ഒഴുക്കി വിടാനേ കഴിയൂ. ഇത് പോലും മനസിലാക്കാത്ത പഠനങ്ങളും നിർമാണ പ്രവർത്തനങ്ങളുമാണ് കൊച്ചിയിൽ നടക്കുന്നത്. കൊച്ചി കായലാകട്ടെ ഓരോ ദിവസവും ആഴം കുറഞ്ഞു വരുകയാണ്. കായലിലെ പല ഭാഗത്തും ചെളി നിറഞ്ഞു കിടക്കുന്നതിനാൽ സ്വാഭാവികമായ ഒഴുക്കും നിലച്ച മട്ടാണ്. പെയ്ത്തുവെള്ളം ഒഴുകി പോകേണ്ട കൈവഴികളെല്ലാം കോൺക്രീറ്റ് നിർമിതികൾ വന്നതോടെ നിലച്ചു.

പെയ്ത്തു വെള്ളം ഒഴുകി പോകാൻ മാർഗമില്ലാത്തതാണ് ഒരു മണിക്കൂർ മഴ പെയ്താൽ പോലും നഗരം വെള്ളത്തിൽ മുങ്ങുന്ന സ്‌ഥിതിവിശേഷത്തിലെത്തിച്ചത്. കാനകൾ വൃത്തിയാക്കാത്തതും പുതിയ നിർമാണ പ്രവൃത്തികൾ നടക്കുമ്പോൾ ഒരു പഠനവും നടത്താതെ വെള്ളം ഒഴുകി പോകാനുള്ള വഴികളെല്ലാം അടയ്ക്കുന്ന സാഹചര്യവും മാറേണ്ടതുണ്ട്. ഇടപ്പള്ളി തോടും സുഗമമായി ഒഴുകുന്നില്ല. ആറുകളും തൊടുകളുമെല്ലാം പോള പായൽ പിടിച്ച് ഒഴുക്ക് തടസപ്പെടുത്തുന്നു. ഓരോ പദ്ധതികൾ പ്രഖ്യാപിച്ച് പണം ചെലവഴിക്കുന്നതല്ലാതെ കൃത്യമായ പഠനം നടത്തിയുള്ള ഒരു പദ്ധതിയും നടപ്പാക്കുന്നില്ല എന്നതാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണം.

4. ജനങ്ങളും ഉത്തരവാദികൾ

കൊച്ചിയിലെ മാലിന്യ പ്രശ്നങ്ങള്‍ക്കും വെള്ളക്കെട്ടിനും ജനങ്ങളും ഉത്തരവാദികളെന്ന് ഹൈക്കോടതി തന്നെയാണ് നിരീക്ഷിച്ചത്. മാലിന്യപ്രശ്‌നങ്ങളില്‍ ജനങ്ങളെയും കുറ്റം പറയുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ടണ്‍ കണക്കിന് മാലിന്യമാണ് പൊത സ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നത്. മാലിന്യ സംസ്‌കരണത്തിന് ജനങ്ങള്‍ ഇങ്ങനെ എതിരുനിന്നാല്‍ എന്ത് ചെയ്യും, റസിഡന്‍സ് അസോസിയേഷനുകളെ കക്ഷിചേര്‍ക്കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

മഴ വന്ന് ഉച്ചിയിൽ നിൽക്കുമ്പോഴാണോ കാര്യങ്ങൾ ചെയ്യുന്നത് എന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ തവണ കാനകൾ ശുചീകരിച്ചത് പോലെ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയതെന്നും അതുണ്ടായില്ലെന്നും വിമർശിച്ചു. ഇന്ന് മാലിന്യങ്ങൾ നീക്കം ചെയ്താൽ നാളെ വീണ്ടും വരുമെന്നതാണ് അവസ്ഥ. വെള്ളക്കെട്ട് ഒഴിവാക്കാൻ ജനങ്ങളുടെ സഹകരണവും വേണമെന്ന് കോടതി പറഞ്ഞു.

ഇടപ്പള്ളി തോട് ശുചീകരിക്കുന്നതിൽ ഇറിഗേഷൻ വകുപ്പിന്‍റെ വീഴ്ചയാണ് കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന് കാരണമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ ഇറിഗേഷൻ വകുപ്പിന് കോടതി നിർദേശം നൽകി.

മഴ ശക്തമാകുന്നതോടെ ഇടപ്പള്ളി, കുണ്ടന്നൂര്‍, കടവന്ത്ര, എംജി റോഡ്, കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരം, കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരം അടക്കമുള്ള സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. മഴ ശക്തമായ നഗരത്തില്‍ ഗതാഗതക്കുരുക്കും സ്ഥിരം കാഴ്ചയാണ്. 2018 മുതല്‍ ആവര്‍ത്തിക്കുന്ന മഴയും കൂടെ വരുന്ന പ്രളയവും ഇത്രത്തോളം നാശനഷ്ടം വരുത്തിയിട്ടും അധികൃതര്‍ക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഇല്ല, വേനല്‍ മഴ കടുത്തതോടെ പല പ്രദേശങ്ങളും വെള്ളത്തിന് അടിയില്‍ ആയ സാഹചര്യമാണ്, ഈ സ്ഥിതി തുടരുകയാണെങ്കില്‍ വരുന്ന കാലവര്‍ഷത്തെ എങ്ങനെ അതിജീവിക്കുമെന്നത് ചോദ്യ ചിഹ്നമായി മാറുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രളയ മുന്നറിയിപ്പ് കൊടുത്തിട്ടും കൃത്യമായ രീതിയില്‍ വെള്ള കെട്ട് ഒഴിവാക്കാന്‍ ഉള്ള നടപടിയൊന്നും ഉണ്ടായില്ല. മഴ പെയ്ത് ജനങ്ങള്‍ ദുരിതത്തിലാണ് എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ മാത്രമാണ് അവര്‍ അതിനുള്ള പരിഹാരത്തെ കുറിച്ചു ആലോചിക്കുന്നത് തന്നെ.

ജനങ്ങള്‍ ഇത്രത്തോളം മോശമായ സാഹചര്യത്തിലൂടെ കടന്ന് പോവുമ്പോഴും മൗനം പാലിക്കാന്‍ അധികാരികള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് മനസിലാവാത്തത്. വരാനിരിക്കുന്ന കാലവര്‍ഷത്തെ ഇത്‌പോലെ ആണ് വരവേല്‍ക്കുന്നതെങ്കില്‍ ദുരന്തങ്ങള്‍ ചെറുതായിരിക്കില്ല.

logo
Metro Vaartha
www.metrovaartha.com