പണിതീർന്നിട്ടും ലിങ്കാകാതെ കൊല്ലം ലിങ്ക് റോഡ്

പിടിവാശി തുടർന്ന് പൊതുമരാമത്ത് വകുപ്പും കിഫ്‌ബിയും
Kollam link road
Kollam link road

സ്വന്തം ലേഖകൻ

കൊല്ലം: ഒരുവർഷം മുമ്പ് നിർമാണം പൂർത്തിയായ കെഎസ്ആർടിസി ജംക്‌ഷൻ-ഓലയിൽ കടവ് റോഡ് സഞ്ചാരത്തിന് തുറന്നുനൽകാതെ പിടിവാശി തുടർന്ന് പൊതുമരാമത്ത് വകുപ്പും കിഫ്‌ബിയും. നാലാം ഘട്ടത്തിന് അനുമതി ലഭിക്കാതെ റോഡ് തുറക്കേണ്ട എന്ന നിലപാട് എം. മുകേഷ് എംഎൽഎയും ഭരണപക്ഷ രാഷ്ട്രീയ നേതൃത്വവും സ്വീകരിച്ചതോടെ റോഡ് തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലുമായി.

കെഎസ്ആർടിസി ഡിപ്പോക്കു മുന്നിൽ നിന്നാരംഭിച്ച് ഓലയിൽ കടവ് വരെ ഒരു കിലോമീറ്ററിന് മുകളിൽ നീളമുള്ള റോഡിന്‍റെ 940 മീറ്റർ അഷ്ടമുടി കായലിന് മുകളിൽ പാലമാണ്. 90 മീറ്റർ മാത്രമാണ് കരഭാഗം.

നാലാം ഘട്ടത്തിൽ തോപ്പിൽ കടവ് വരെയാണ് കായലിന് മുകളിലൂടെ പാലം വിഭാവനം ചെയ്തിട്ടുള്ളത്.2017ൽ 103 കോടി രൂപയ്ക്കാണ് ഓലയിൽ കടവ് വരെയുള്ള മൂന്നാംഘട്ട നിർമാണത്തിന് കരാർ ഒപ്പിട്ടത്. മൂന്നുവർഷമായിരുന്നു നിർമാണ കാലാവധിയെങ്കിലും ഒരു വർഷം മുമ്പാണ് പൂർത്തിയായത്.

തെരുവുവിളക്ക് സ്ഥാപിക്കൽ, റോഡ് മാർക്കിങ്, ദിശാ ബോർഡ് സ്ഥാപിക്കൽ തുടങ്ങി മുഴുവൻ ജോലികളും പൂർത്തിയായി. 2022ലെ ഓണത്തിന് പാലം തുറന്നു കൊടുക്കാനായിരുന്നു ധാരണയെങ്കിലും നാലാംഘട്ട നിർമാണത്തിന് അനുമതി ലഭിക്കാതെ റോഡ് തുറക്കേണ്ട എന്ന നിലപാട് ഭരണപക്ഷ രാഷ്ട്രീയ നേതൃത്വവും സ്വീകരിക്കുകയായിരുന്നു. നിലവിൽ ഹൈസ്‌കൂൾ ജംക്‌ഷനിൽ എത്തുന്ന തരത്തിൽ ഓലയിൽക്കടവിൽ പാലം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും നാലാംഘട്ടം കൂടി പൂർത്തിയായാലേ പൂർണമായ പ്രയോജനം ലഭിക്കുകയുള്ളൂ.

എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ റോഡ് തുറന്നാൽ താലൂക്ക് ഓഫീസ് ജംക്‌ഷൻ, ഇരുമ്പുപാലം, ഹൈസ്കൂൾ ജംക്‌ഷൻ എന്നിവിടങ്ങളിൽ തിരക്കിൽ പെടാതെ തേവള്ളി, കടവൂർ, അഞ്ചാലുംമൂട് ഭാഗത്തേക്കുള്ളവർക്ക് ജില്ലാ പഞ്ചായത്ത് ഓഫീസിനു സമീപമെത്താൻ കഴിയും. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസ്, തേവള്ളി ബോയ്സ് സ്കൂൾ എന്നിവിടങ്ങളിൽ എത്തേണ്ടവർക്കും ഹൈസ്കൂൾ ജംക്‌ഷനിലെ തിരക്ക് പൂർണമായും ഒഴിവാക്കാനാകും.

കിഫ്‌ബി നിലപാട്

നാലാംഘട്ട വികസനമായി തോപ്പിൽക്കടവിലേക്കുള്ള പാലം തേവള്ളി പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന തരത്തിലാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ പാലത്തിനടിയിലൂടെ നിർമിക്കുമ്പോൾ ജലോപരിതലവുമായി 30 സെന്‍റിമീറ്റർ മാത്രമാണ് അകലം. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ അകലം വർധിപ്പിക്കണം. രൂപരേഖ പ്രകാരം തേവള്ളി പാലത്തിന്‍റെ അടിഭാഗവും പുതിയ പാലത്തിന്‍റെ ഉപരിതലവും തമ്മിൽ അഞ്ചര മീറ്റർ അകലമാണുള്ളത്. ജലോപരിതലവുമായുള്ള അകലം വർധിപ്പിച്ചാൽ പാലങ്ങൾ തമ്മിലുള്ള അകലം കുറയും. ദേശീയപാത ആറുവരിയാകുന്ന സാഹചര്യത്തിൽ ലിങ്ക് റോഡ് തോപ്പിൽക്കടവിലേക്ക് നീട്ടുന്നതിന് പ്രസക്തിയുണ്ടോ എന്ന സംശയവും കിഫ്‌ബി പങ്കുവയ്ക്കുന്നു.

പൊതുമരാമത്ത് വകുപ്പ് പറയുന്നത്

നിലവിലെ രൂപരേഖ പ്രകാരം പുതിയ പാലവും തേവള്ളി പാലത്തിന്‍റെ അടിഭാഗവും തമ്മിൽ 5.7 മീറ്റർ ഉയരമുണ്ട്. വാഹനങ്ങൾക്ക് കടന്നുപോകാൻ 5.5 മീറ്റർ ക്ലിയറൻസ് മതി. ജലോപരിതലവുമായുള അകലം വർധിപ്പിച്ചാലും പ്രശ്നമുണ്ടാകില്ല. ദേശീയപാത ആറുവരിയായാലും നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകില്ല. നഗരഹൃദയത്തിലെ കുരുക്കിന് പരിഹാരം എന്ന നിലയിലാണ് ലിങ്ക് റോഡ് നീട്ടുന്നത്. കൊല്ലം -തേനി പാതയുടെ വികസനം നിലവിലെ രൂപരേഖ പ്രകാരം ബൈപ്പാസിൽ കടവൂരിൽ നിന്നാണ് തുടങ്ങുന്നത്. അതുകൊണ്ട് തേവള്ളി പാലത്തിന്‍റെ വീതികൂട്ടൽ നിലവിൽ ആലോചനയിലില്ല. ലിങ്ക് റോഡ് തോപ്പിൽക്കടവിലേക്ക് നീട്ടിയില്ലെങ്കിൽ ഓലയിൽക്കടവ് വരെ നീട്ടാൻ മുടക്കിയ നൂറുകോടി രൂപ വെറുതെയാകും. ഓലയിൽക്കടവിലെത്തിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഹൈസ്കൂൾ ജംക്‌ഷൻ, കലക്ടറേറ്റ് എന്നിവിടങ്ങളിലെ കുരുക്ക് വർധിക്കാനാണ് സാധ്യത.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com