

മൺസൂൺ മാജിക് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം: മഴയും പ്രകൃതിയും സാഹസികതയും ഒരുമിച്ചുചേർന്ന മൺസൂൺ മാജിക് ഫെസ്റ്റിവലിന് തട്ടേക്കാട് മിനി സ്വിറ്റ്സർലാൻഡിൽ ആവേശകരമായ സമാപനം. കോതമംഗലത്തിന്റെ മഴക്കാല സൗന്ദര്യവും പ്രകൃതി–സാഹസിക വിനോദസഞ്ചാര സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി കോതമംഗലം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫെസ്റ്റിവലിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്.
സമാപനദിവസം സംഘടിപ്പിച്ച ബൈക്ക് റൈഡ് കോതമംഗലത്ത് നിന്ന് ആരംഭിച്ച് നേര്യമംഗലം, മാമലക്കണ്ടം, കുട്ടമ്പുഴ വഴി തട്ടേക്കാട് മിനി സ്വിറ്റ്സർലാൻഡിൽ സമാപിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി ഓഫ് റോഡ് ജീപ്പ് ഡ്രൈവ്, ട്രക്കിംഗ്, സൈക്ലോത്തോൺ, മഴനൃത്തം, പെനാൽറ്റി ഷൂട്ടൗട്ട്, റെയിൻ റെയിൽ മത്സരം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചു. മാമലക്കണ്ടം–കൊയ്‌നിപ്പാറ മേഖലയിലേക്ക് നടത്തിയ ഓഫ് റോഡ് ഡ്രൈവിൽ 40ഓളം ജീപ്പുകൾ പങ്കെടുത്തു. തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്ന് പുല്ലാശ്ശേരിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് നടത്തിയ ട്രക്കിംഗും ശ്രദ്ധേയമായി.
മൺസൂൺ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തിയ റെയിൻ റീൽ മത്സരത്തിൽ മിഥുൻ കെ. മനോജ് ഒന്നാം സ്ഥാനവും അതുൽ ചന്ദ്രകുമാർ രണ്ടാം സ്ഥാനവും ഷെർലിൻ ജോസഫ് മൂന്നാം സ്ഥാനവും നേടി. ടിയാനാ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കെ. പി. വർക്കി ജ്വല്ലേഴ്സ്, ഹോംടെക് ബിൽഡേഴ്സ്, മൺകുടി റിസോർട്ട് ഞായപ്പിള്ളി എന്നിവരാണ് മത്സരത്തിലെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.
സമാപന സമ്മേളനം ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ മേരി കുര്യാക്കോസ്, പി. കെ. മൊയ്തു, ബിന്ദു ജോർജ്ജ്, വിവിധ യുഡിഎഫ് നേതാക്കളായ ഷമീർ പനക്കൻ, ബോബൻ ജേക്കബ്, എ. ടി. പൗലോസ്, ജോമി തെക്കേക്കര, മാത്യു ജോസഫ്, ഇ. എം. മൈക്കിൾ, ആന്റണി പാലക്കുഴി, റോയ് കെ. പൗലോസ്, ബാബു പോൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെമ്പർമാർ, വിവിധ മേഖലകളിൽ നിന്നുള്ള സംഘാടകരും ടൂറിസം മേഖലയുടെ പ്രതിനിധികളും പങ്കെടുത്തു.
മഴയെ ഒരു വിനോദസഞ്ചാര അനുഭവമാക്കി മാറ്റുന്നതിനൊപ്പം കോതമംഗലത്തിന്റെ പ്രകൃതിസമ്പത്തും സാഹസിക വിനോദസഞ്ചാര സാധ്യതകളും കൂടുതൽ പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൺസൂൺ മാജിക് സംഘടിപ്പിച്ചത്. മഴക്കാലത്ത് കോതമംഗലത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും പ്രാദേശിക ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകുന്നതിനും ഫെസ്റ്റിവൽ വഴിയൊരുക്കി.
മഴയുടെ കുളിരും മലനിരകളുടെ സൗന്ദര്യവും സാഹസികതയുടെ ആവേശവും പകർന്നുനൽകിയ മൺസൂൺ മാജിക് കോതമംഗലത്തിന്റെ ടൂറിസം സാധ്യതകൾക്ക് പുതിയ പ്രതീക്ഷകൾ നൽകിയാണ് സമാപിച്ചത്.