

കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ പെരുന്നാളിന്‍റെ ഭാഗമായി ഒരുക്കിയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓൺ കർമം എറണാകുളം ജില്ലാ കളക്റ്റർ ജി. പ്രിയങ്ക നിർവഹിക്കുന്നു
കോതമംഗലം: സർവ്വ മത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിലെ പെരുന്നാളിന് മാറ്റ് കൂട്ടാൻ പള്ളിയും പരിസരങ്ങളും വൈദ്യുത ദീപാലങ്കാരത്താൽ പ്രഭാപൂരിതമായി. ഒക്റ്റോബർ 11 വരെ നീണ്ടുനിൽക്കുന്ന ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓൺ കർമം എറണാകുളം ജില്ലാ കളക്റ്റർ ജി. പ്രിയങ്ക നിർവഹിച്ചു.
കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം, കോതമംഗലം നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, സർക്കിൾ ഇൻസ്പെക്റ്റർ കുര്യാക്കോസ്, മുൻ എംഎൽഎ ആന്‍റണി ജോൺ, മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കൾ എന്നിവർ പങ്കെടുത്തു.
കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ പെരുന്നാളിന്‍റെ ഭാഗമായി ഒരുക്കിയ ദീപാലങ്കാരം
വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ, സഹവികാരിമാരായ ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. നോബി, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. സിച്ചു രാജു കാഞ്ഞിരത്തുങ്കൽ, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിങ്ങ് കമ്മിറ്റി അംഗങ്ങൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദീപാലങ്കാരം കാണാൻ നൂറുകണക്കിന് വിശ്വാസികളും എത്തിയിരുന്നു. കോതമംഗലം വാരപ്പെട്ടിയിലുള്ള സോഫി ലൈറ്റ്സ് ആൻഡ് സൗണ്ട് ആണ് വിസ്മയ കാഴ്ച്ച ഒരുക്കിയിരിക്കുന്നത്.
ഞായറാഴ്ച നടന്ന ആദ്യത്തെ വിശുദ്ധ കുർബാനയ്ക്ക് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോർ തേവോദോസിയോസും രണ്ടാമത്തെ വിശുദ്ധ കുർബാനയ്ക്ക് തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ക്ലീമീസും മൂന്നാമത്തെ വിശുദ്ധ കുർബാനയ്ക്ക് തിരുവനന്തപുരം മേഖലയുടെയും യൂറോപ്പ് ഭദ്രാസനത്തിന്‍റെയും യാക്കോബായ സുറിയാനി സഭയുടെ സെമിനാരി റെസിഡന്‍റ് മെത്രാപ്പോലീത്തയുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസും കാർമികത്വം വഹിച്ചു. വൈകിട്ട് നടന്ന വിശുദ്ധ കുർബാനക്ക് സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത ഗീവർഗീസ് മോർ അത്താനാസിയോസ് കാർമികത്വം വഹിച്ചു.
തിങ്കളാഴ്ച രാവിലെ 7.15 ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോർ ഐറേനിയോസും പ്രധാന കാർമികത്വം വഹിക്കും. വൈകിട്ട് ആറിന് സന്ധ്യാ നമസ്കാരവും നടക്കും.