

സ്ഥാനാർഥികളുടെ പേരും ചിഹ്നവും പതിപ്പിച്ചുള്ള വോട്ടിംഗ് യന്ത്രങ്ങൾ തയാർ
കോതമംഗലം: കോതമംഗലത്ത് സ്ഥാനാർഥിയുടെ പേരും ചിഹ്നവും പതിപ്പിച്ച് വോട്ടിങ് യന്ത്രങ്ങൾ സജ്ജമാക്കി സ്ട്രോങ് റൂമിലേക്ക് മാറ്റി. യന്ത്രങ്ങളുടെ കമ്മിഷനിങ്ങും ബാലറ്റ് സെറ്റിങ്ങും പൂർത്തിയാക്കി. ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ പതിപ്പിച്ച് പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്ന ജോലികളാണ് പൂർത്തിയാക്കിയത്.
ത്രിതല പഞ്ചായത്തുകളുടേത് കോതമംഗലം എം.എ കോ ളേജിലും, നഗരസഭയുടെ കോതമംഗലം മാർ ബേസിൽ സ്കൂളിലുമാണ്.ബ്ലോക്ക് പഞ്ചായത്തിലെ 16 ഡിവിഷനുകളിലെയും ജില്ലാ പഞ്ചായത്ത് 3 ഡിവിഷനുകളിലെയും അടക്കം പത്ത് ഗ്രാമപഞ്ചായത്തുകളിലെ 212 ബൂത്തുകളിലേക്കുള്ള സ്ഥാനാർഥികളുടെ ചിഹ്നവും പേരും ആണ് പതിപ്പിച്ചത്.
സ്ഥാനാർഥികൾ ചുമതലപ്പെടുത്തിയ പോളിങ് ഏജന്‍റുമാരുടെയും സാന്നിധ്യത്തിലായിരുന്നു വോട്ടിങ് യന്ത്രത്തിൽ പേരും ചിഹ്നവും പതിപ്പിച്ചത്. കർശന പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
ത്രിതല പഞ്ചായത്തുകളിലേക്ക് 636 ബാലറ്റ് യൂണിറ്റും, 212 കൺട്രോൾ യൂണിറ്റും ആണ് തയ്യാറാക്കിയത്. കരുതലായി 20 ശതമാനം വോട്ടിങ് യന്ത്രങ്ങളും ബൂത്തുകളിലേക്ക് ക്രമീകരിച്ചിട്ടുണ്ട്.
താലൂക്കിൽ ഏറ്റവും കൂടുതൽ ബൂത്തുകൾ നെല്ലിക്കുഴി പഞ്ചായത്തിലാണ്. 24 വാർഡുകളിലായി 54 ബൂത്തുകളിലായി 162 ബാലറ്റ് യൂണിറ്റുളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു ബൂത്തിൽ ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകൾ ക്രമപ്പെടുത്തിയിട്ടുള്ളത്.
ബുധനാഴ്ച രാവിലെ 8-ന് തുടങ്ങിയ ജോലികൾ രാത്രി 9-ഓടെയാണ് പൂർത്തിയായത്. മുഖ്യവരണാധികാരി കോതമംഗലം ഡിഎഫ്‌ഒ കെ ആർ. സൂരജ്‌ബെൻ, ഉപവരണാധികാരി സി.ഒ. അമിത എന്നിവരുടെ നേതൃത്വത്തിൽ 100-ലേറെ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.
വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്ത് സ്ട്രോങ് റൂമിലേക്ക് മാറ്റി പോലീസ് ബന്തവസ് ഏർപ്പെടുത്തി. നഗരസഭയിൽ 93 ബൂത്തുകളിലേക്ക് 33 കൺട്രോൾ യൂണിറ്റും അത്രയും ബാലറ്റ് യൂണിറ്റുമാണ് തയ്യാറാക്കിയിട്ടുള്ളത്.കരുതലായി 17 അധിക യൂണിറ്റും ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ ആരംഭിച്ച പ്രക്രിയ ഉച്ചയ്ക്ക് രണ്ടോടെ പൂർത്തിയായതായി നഗരസഭാ മുഖ്യവരണാധികാരി കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബോബി ജോർജ് പറഞ്ഞു. ഉപവരണാധികാരികളായ നഗരസഭാ അസിസ്റ്റന്‍റ് സെക്രട്ടറി പി.ബി. ഉല്ലാസ്, മുനിസിപ്പൽ എൻജിനിയർ വി. ജിനു എന്നിവരടക്കം 50-ഓളം ജീവനക്കാർ പങ്കെടുത്തു. മുഴുവൻ യന്ത്രങ്ങളും സീൽ ചെയ്ത് സ്ട്രോങ് റൂമിലേക്ക് മാറ്റി പോലീസ് സുരക്ഷ ഏർ പ്പെടുത്തി.