

പെരുന്നാളിന് അയ്യപ്പഭക്തിഗാനം പാടുന്നത് തടഞ്ഞയാളെ നാട്ടുകാർ പുറത്താക്കി; 5 പാട്ടുകൾ പാടിച്ച് പള്ളി വികാരി
കോട്ടയം: പള്ളിപ്പെരുന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ഗാനമേളയിൽ അയ്യപ്പ ഭക്തിഗാനം പാടിയതിനെ എതിർത്തയാളെ പുറത്താക്കി നാട്ടുകാർ. കോട്ടയം കിഴപറയാർ പള്ളിയിലാണ് സംഭവം.
പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന് ഗാനം പാടിക്കൊണ്ടിരിക്കെ വെള്ള മുണ്ടും ഷർട്ടുമിട്ട ഒരാൾ വേദിയിലേക്ക് കയറി വന്ന് ഗായകനെ തടഞ്ഞ് ക്രിസ്ത്യൻ ഗാനം മാത്രം പാടിയാൽ മതിയെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ പിന്നാലെ തന്നെ നാട്ടുകാരും പള്ളിക്കമ്മിറ്റിയും ചേർന്ന് ഇയാളെ വേദിയിൽ നിന്ന് തന്നെ പുറത്താക്കി.
പാട്ട് നിർത്താൻ പറഞ്ഞതോടെ വേദിയിൽ നിന്ന് കൂവലുകളും പള്ളിക്കെട്ട് പാടാനുള്ള നിർദേശങ്ങളും ഉയർന്നു. ഇയാളെ പുറത്താക്കിയതിനു പിന്നാലെ പള്ളി വികാരിയുടെ നിർദേശ പ്രകാരം പള്ളിക്കെട്ട് എന്ന അയ്യപ്പ ഭക്തിഗാനം തുടരുകയും 2 പാട്ടിന് പകരം 5 അയ്യപ്പ ഭക്തിഗാനങ്ങൾ പാടിപ്പിക്കുകയും ചെയ്തു.
ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അരുൺ കൃഷ്ണ എന്നയാളുടെ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. വീഡിയോ വൈറലായതിനു പിന്നാലെ ആ നാട്ടുകാർക്കും പള്ളി വികാരിക്കും അഭിനന്ദന പ്രവാഹമാണ്. കേരളത്തിന്‍റെ യഥാർഥ മുറമിതാണെന്നാണ് കമന്‍റുകൾ.