ദയാവധത്തിന് അനുമതി തേടാൻ കോട്ടയത്ത് ഒരു കുടുംബം

കുട്ടികൾക്ക് അപൂർവരോഗം, അനുമതി തേടി കുടുംബം കോടതിയെ സമീപിക്കും.
മനുവും സ്മിതയും കോട്ടയത്ത് വാർത്താസമ്മേളനത്തിൽ.
മനുവും സ്മിതയും കോട്ടയത്ത് വാർത്താസമ്മേളനത്തിൽ.

കോട്ടയം: ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനെ തുടര്‍ന്ന് ദയാവധത്തിന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അനുമതി തേടാനൊരുങ്ങി ഒരു കുടുംബം. കോട്ടയം കൊഴുവനാല്‍ പഞ്ചായത്തിലെ 10ാം വാര്‍ഡിലെ സ്മിത ആന്‍റണിയും ഭര്‍ത്താവ് മനുവും 3 മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടാന്‍ ഒരുങ്ങുന്നത്.

സ്മിതയുടെ ഇളയ 2 കുട്ടികളായ സാന്‍ട്രിന്‍, സാന്‍റിനോ എന്നിവര്‍ അപൂര്‍വ രോഗബാധിതരാണ്. കുട്ടികളില്‍ അപൂര്‍വരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന സ്മിതയും ഭര്‍ത്താവും ജോലി ഉപേക്ഷിച്ച്‌ നാട്ടിലെത്തി. വീടും സ്ഥലവും ഈട് വച്ച്‌ വായ്പ എടുത്തും സുമനസുകളുടെ സഹായത്തോടെയുമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കുട്ടികളുടെ ചികിത്സയ്ക്കും ദൈനംദിന ചെലവുകള്‍ക്കുമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ജോലിക്കായി പല വാതിലുകള്‍ മുട്ടിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവർ പറയുന്നു.

പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് കൊഴുവനാല്‍ പഞ്ചായത്ത് കമ്മിറ്റി സ്മിതയ്ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി തയാറാകാത്തത് പിന്നീട് ജോലി ലഭിക്കുന്നതിന് തടസമായി. പിന്നീട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതിന് ശേഷമാണ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ജോലി നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ദൈനംദിന ചെലവുകള്‍ക്കും മരുന്നുകൾ വാങ്ങാനും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുന്നതെന്ന് സ്മിതയും സേവ് ദ് ഫാമിലി പ്രസിഡന്‍റ് കെ. മുജീബ്, വൈസ്പ്രസിഡന്‍റ് ഐ. നൗഷാദ്, ട്രഷറര്‍ ജോഷ്വ ചാക്കോ എന്നിവരും പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com