കെകെ റോഡ് നവീകരണം: 150 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചു

കോട്ടയം ഐഡ ജംക്‌ഷൻ മുതൽ 12ാo മൈൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം പത്ത് മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ ടാർ ചെയ്ത് നവീകരിക്കും
Kottayam KK Road renovation

കോട്ടയം - കുമളി റോഡ് 10 മീറ്റർ വീതിയിൽ ടാർ ചെയ്യാൻ പദ്ധതി.

Representative image

Updated on

കോട്ടയം: ദേശീയ പാത 183 കോട്ടയം ഐഡ ജംക്‌ഷൻ മുതൽ 12ാo മൈൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം പത്ത് മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ ടാർ ചെയ്ത് നവീകരിക്കുന്നതിനായി 150 കോടി രൂപയുടെ പദ്ധതി നാഷണൽ ഹൈവേ അഥോറിറ്റിക്കു സമർപ്പിച്ചതായി ഫ്രാൻസിസ് ജോർജ് എംപി.

നിലവിൽ 6 മീറ്റർ വീതിയിലാണ് റോഡിന് ടാറിങ് ഉള്ളത്. വീതികൂട്ടി ടാർ ചെയ്യുന്നതിനോടൊപ്പം ബലക്ഷയമുള്ള കലുങ്കുകൾ പുതുക്കിപ്പണിയുകയും മറ്റുളളവ വീതി കൂട്ടുകയും ചെയ്യും. ആവശ്യമുളള സ്ഥലങ്ങളിൽ റോഡിന് സംരക്ഷണ ഭിത്തി നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് മീറ്റർ വീതിയിൽ ടാർ ചെയ്യണമെങ്കിൽ നിലവിലുള്ള റോഡിന്‍റെ അതിർത്തി അളന്ന് തിരിച്ച് കല്ലുകൾ സ്ഥാപിക്കണം. ഈ പ്രവൃത്തിക്കായി 13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനായി ദേശീയ പാതാ വിഭാഗം അധികാരികൾ ജില്ലാ കലക്റ്റർക്ക് കത്ത് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഉടൻ സർവേ നടപടികൾ പൂർത്തിയാക്കുവാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

സർവേ പൂർത്തിയാക്കി അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന മുറക്ക് ഭരണാനുമതി ലഭിക്കുമെന്നും തുടന്ന് പ്രവൃത്തി ടെൻഡർ ചെയ്ത് നിർമാണം ആരംഭിക്കുമെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com