
കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രി ക്യാൻസർ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെയും ആശ്രിതരുടെയും സംഗമവും സ്നേഹവിരുന്നും ആർപ്പുക്കര നവജീവനിൽ നടക്കും. നവജീവന്റെ കൈത്താങ്ങ് പദ്ധതി പ്രകാരം ഒക്ടോബർ 29ന് രാവിലെ 9 മണി മുതൽ 1 മണി വരെ നടക്കുന്ന സംഗമം ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്യുമെന്ന് നവജീവൻ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.യു തോമസ് പറഞ്ഞു.
ക്യാൻസർ വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ 'ക്യാൻസറും പ്രതിസന്ധികളും' എന്ന വിഷയത്തെ കുറിച്ചും, പാലിയേറ്റീവ് കെയർ വിഭാഗത്തിലെ ഡോ. ആർ പ്രവീൺ ലാൽ ക്യാൻസർ രോഗികളുടെ പാലിയേറ്റീവ് കെയർ സംബന്ധിച്ചും മനോരോഗ വിഭാഗം മേധാവി ഡോ. വർഗീസ് പുന്നൂസ് 'മനശാന്തി' എന്ന വിഷയത്തെക്കുറിച്ചും ക്ലാസുകൾ നയിക്കും. കോളെജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ക്യാൻസർ രോഗികളുടെ ഭവനത്തിലെ ശുശ്രൂഷയെ സംബന്ധിച്ചും പ്രഭാഷണം നടത്തും.