
കോട്ടയം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവ ഈ മാസം 22, 23, 24, 25 തീയതികളിൽ പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് മുഖ്യ വേദിയായി 15 വേദികളിലായി നടക്കും. ഏകദേശം 9000ൽ അധികം കൗമാര കലാകാരന്മാർ ഈ കലോത്സവത്തിൽ പങ്കാളികളാകും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പറഞ്ഞു.
22ന് രാവിലെ 10 മണിക്ക് മേളയുടെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിർവഹിക്കും. മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ സന്ദേശം നൽകും. 25ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും.