
കോട്ടയം: സുരേഷ് ഗോപി പ്രശ്നം അടക്കം മാധ്യമശ്രദ്ധ നേരിടുന്ന സമയം കേരളത്തിലെ മാധ്യമ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിതാ കമ്മിഷന്‍ ഒക്റ്റോബര്‍ 31ന് രാവിലെ 10 മണി മുതല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ പബ്ലിക് ഹിയറിങ് സംഘടിപ്പിക്കും. സഹകരണ -രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍ വാസവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിക്കും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ബിന്ദു വിശിഷ്ടാതിഥിയാകും. കേരള മീഡിയാ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷററുമായ സുരേഷ് വെള്ളിമംഗലം മുഖ്യപ്രഭാഷണം നടത്തും. മാധ്യമ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഔട്ട്‌ലുക്ക് മാസികയുടെ മുതിർന്ന എഡിറ്റര്‍ കെ.കെ ഷാഹിന ചര്‍ച്ച നയിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍ മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്റ്റര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍ അര്‍ച്ചന എന്നിവര്‍ സംസാരിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
സംസ്ഥാനത്തെ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും ലിംഗനീതിക്കുമായി നിരവധി നൂതന പദ്ധതികള്‍ കേരള വനിതാ കമ്മിഷന്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുകയാണ്. കഴിഞ്ഞ കാലഘട്ടത്തേക്കാള്‍ പുതിയ തൊഴില്‍ മേഖലകളിലേക്ക് സ്ത്രീകള്‍ ധാരാളമായി കടന്നു വരുന്നുണ്ട്. വിവിധ തരത്തിലുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ് അവര്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഓരോ മേഖലകളിലുമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവരില്‍നിന്ന് നേരിട്ട് മനസിലാക്കുന്നതിനായി ഇതുള്‍പ്പെടെ 11 പബ്ലിക് ഹിയറിങ്ങുകളാണ് നടത്തുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വത്യസ്ത തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതോടൊപ്പം പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള നിയമാവബോധം നല്‍കുകയും ഹിയറിങിൽ ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ശുപാര്‍ശ നല്‍കുകയുമാണ് ലക്ഷ്യമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.