കുഴല്‍ക്കിണറുകൾ സർവത്ര, തുള്ളി കുടിക്കാൻ ഇല്ലത്രെ!

വേനൽക്കാലത്തു പോലും സമൃദ്ധമായി കുടിവെള്ളം കിട്ടിയിരുന്ന കുഴൽക്കിണറുകൾ അറ്റകുറ്റപ്പണി നടത്താത്തതിനാൽ പ്രവർത്തനരഹിതമാകുന്നു.
പുനലൂരിൽ ഒരു കുഴൽക്കിണർ പൈപ്പ് തകർന്ന നിലയിൽ.
പുനലൂരിൽ ഒരു കുഴൽക്കിണർ പൈപ്പ് തകർന്ന നിലയിൽ.Metro Vaartha

ആയൂര്‍ ശിവദാസ്

പുനലൂര്‍: നഗരപ്രദേശത്തും ഗ്രാമങ്ങളിലും കുഴല്‍ക്കിണറുകൾ സുലഭം. പക്ഷേ, കുടിവെള്ളം കിട്ടാനുമില്ല. സംസ്ഥാനത്തെ ഗ്രൗണ്ട് വാട്ടര്‍ അഥോറിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ തോറും നൂറുകണക്കിന് കുഴല്‍ക്കിണറുകള്‍ കുഴിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷവും പ്രവർത്തനരഹിതമാണ്. പഞ്ചായത്തുകളുടെ നിര്‍ദേശാനുസരണം ജില്ലാ കലക്‌റ്ററുടെ സ്‌പെഷ്യല്‍ ഫണ്ടുകള്‍ ഉപയോഗിച്ചാണ് കുഴല്‍ക്കിണറുകള്‍ കുത്താൻ തുക അനുവദിച്ചിരുന്നത്. കാലാകാലങ്ങളിൽ ഇവയുടെ അറ്റകുറ്റപ്പണി നടത്തേണ്ട ചുമതല പഞ്ചായത്തുകള്‍ക്കാണ്. എന്നാൽ, തദ്ദേശവാസികളുടെ പരാതിയുണ്ടായാലും കുഴല്‍ക്കിണറുകള്‍ പ്രവര്‍ത്തിപ്പിക്കാൻ പഞ്ചായത്തുകള്‍ തുക അനുവദിക്കാതിരിക്കുന്നതാണ് കുടിവെള്ള പ്രതിസന്ധിക്കു കാരണമാകുന്നത്.

500 അടി വരെ താഴ്ചയില്‍ പാറ തുരന്നാണ് ബോര്‍വെല്‍ സ്ഥാപിക്കുന്നത്. മലയോരമേഖലകളില്‍ ട്യൂബ് വെല്‍ സ്ഥാപിച്ചിട്ടുണ്ട്. മണ്ണും ചെളിയും നിറഞ്ഞ പ്രത്യേക സ്ഥലങ്ങളിലാണ് ഇത്തരം കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. തീരപ്രദേശങ്ങളില്‍ 50 അടി താഴ്ചയില്‍ ഫില്‍ ടൈഡ് വെല്‍ സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യവ്യക്തികള്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്നതിന് 50 ശതമാനം തുക സബ്‌സിഡി ലഭിക്കാറുണ്ട്.

ഫാക്ടറികള്‍, കമ്പനികള്‍ എന്നിവയാണ് ട്യൂബ് വെല്‍ സ്ഥാപിച്ചിട്ടുള്ളത്. പതിനായിരക്കണക്കിന് ലിറ്റർ വെള്ളം ടാങ്കുകളില്‍ ശേഖരിക്കാനും കഴിയും. പഞ്ചായത്തുകളില്‍ നിര്‍മിച്ചിട്ടുള്ള കുഴല്‍ക്കിണറുകളാണ് ഇപ്പോള്‍ നിശ്ചലമായിട്ടുള്ളത്. യഥാസമയം അറ്റകുറ്റപ്പണി ചെയ്ത് കുഴല്‍ കിണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയില്ല.

പഞ്ചായത്തുകളില്‍ നിലവിലുള്ള കുഴല്‍ക്കിണറുകളുടെ സ്ഥിതി എന്താണെന്നു പഠിക്കാൻ സംവിധാനമില്ല. എവിടെയെല്ലാം കുഴല്‍ക്കിണര്‍ കുഴിച്ചിട്ടുണ്ടെന്നതിന് വ്യക്തമായ കണക്കുകളുമില്ല. സംസ്ഥാന ഭൂജലവകുപ്പും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കടുത്ത വേനല്‍ കാലത്തും കുഴല്‍ക്കിണറുകളില്‍ നിന്ന് കുടിവെള്ളവും സുലഭമായി ലഭിച്ചിരുന്നു.

എന്നാൽ കുഴല്‍ക്കിണറുകളുടെ ഇപ്പോഴത്തെ നിശ്ചലാവസ്ഥ പഠിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിന് പഞ്ചായത്തുതലത്തില്‍ തുക അനുവദിക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല. സംസ്ഥാന തലത്തില്‍ ഭൂജലവകുപ്പിന്‍റെ പ്രത്യേക ഫണ്ടുകള്‍ അനുവദിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും വേണമെന്ന ആവശ്യത്തിന്മേലും നടപടിയില്ല.

Trending

No stories found.

Latest News

No stories found.