
കോട്ടയം: കുട്ടികളിൽ വളർന്ന് വരുന്ന ആത്മഹത്യാ പ്രവണതയ്ക്കെതിരെ കേരളത്തിലെ 500 കേന്ദ്രങ്ങളിൽ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് കോട്ടയം ബിസിഎം കോളെജിൽ നടക്കും. മോട്ടിവേഷൻ സ്പീക്കർ പ്രീത് ഭാസ്ക്കർ നടത്തുന്ന സൗജന്യ പ്രഭാഷണ പരമ്പര ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും.
കോട്ടയം ജില്ലാ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് പദ്ധതിയും, വൈക്കം സഹൃദയ വേദിയും സംഘടിപ്പിക്കുന്ന സംസ്ഥാന തല പ്രഭാഷണ പരമ്പര 2 വർഷം നീണ്ടു നിൽക്കും. കോട്ടയം സെന്‍റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. അലക്സ് അക്കപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ജില്ലാ അഡിഷണൽ പൊലീസ് മേധാവി വി. സുഗതൻ, എസ്പിസി ജില്ലാ നോഡൽ ഓഫീസർ സി. ജോൺ, ഡി.ജയകുമാർ, സി. അയോണ, വൈക്കം സഹൃദയ വേദി പ്രസിഡന്‍റ് ആർ. സുരേഷ്, രക്ഷാധികാരി പി. സോമൻ പിള്ള എന്നിവർ പ്രസംഗിക്കും.