തപാലിൽ അയച്ച എടിഎം കാർഡ് കിട്ടിയത് മാസങ്ങൾക്കു ശേഷം

കാണാതായ രജിസ്റ്റേർഡ് ഉരുപ്പടി കണ്ടെത്തിയത് മറ്റൊരാളുടെ പക്കൽനിന്ന്
തപാലിൽ അയച്ച എടിഎം കാർഡ് കിട്ടിയത് മാസങ്ങൾക്കു ശേഷം
തപാലിൽ അയച്ച എടിഎം കാർഡ് കിട്ടിയത് മാസങ്ങൾക്കു ശേഷംFreepik

അന്തിക്കാട്: തപാൽ വകുപ്പിന്‍റെ അനാസ്ഥ കാരണം യുവതിയുടെ എടിഎം കാർഡ് കിട്ടാൻ മാസങ്ങളെടുത്തതായി പരാതി. ഒടുവിൽ മറ്റൊരു വ്യക്തിയുടെ കൈയിൽ നിന്നാണ് രജിസ്റ്റേർഡ് തപാൽ ഉരുപ്പടി കണ്ടെത്തിയത്. വിതരണം ചെയ്യാൻ കൊണ്ടുപോയ പോസ്റ്റ്മാൻ ഇതു നിരുത്തരവാദപരമായി മറ്റൊരാളുടെ കൈവശം ഏൽപ്പിച്ച് ഒപ്പിട്ടു വാങ്ങിയതായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അരിമ്പൂർ പോസ്റ്റ് ഓഫീസിനു കീഴിലുള്ള എറവ് ബ്രാഞ്ച് പോസ്റ്റ് ഓഫീസിലാണ് സംഭവം. രജിസ്റ്റേർഡ് കൈപ്പറ്റിയെന്ന് പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റിന്‍റെ വെബ്‌സൈറ്റിൽ ട്രാക്ക് ചെയ്തപ്പോൾ കണ്ടെത്തിയതിനെ തുടർന്ന് യുവതിയുടെ പിതാവ് പോസ്റ്റ് ഓഫീസിലെത്തി നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്.

എറവ് ആറാംകല്ല് സ്വദേശി ചാലിശ്ശേരി കുറ്റൂക്കാരൻ ചാക്കോയുടെ മകൾ അലീന എടിഎം കാർഡിനായി എസ്‌ബിഐയുടെ അരിമ്പൂർ ശാഖയിൽ ഫെബ്രുവരിയിൽ അപേക്ഷ നൽകിയിരുന്നു. കാർഡ് കിട്ടാതായപ്പോൾ ബാങ്കിനെ സമീപിച്ചു. പോസ്റ്റൽ ഡിപ്പാർട്മെന്‍റിന്‍റെ സൈറ്റിൽ ട്രാക്ക് ചെയ്തപ്പോൾ മാർച്ച് 20ന് ഉരുപ്പടി മേൽവിലാസക്കാരന് വിതരണം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു. തുടർന്ന് എറവ് പോസ്റ്റ് ഓഫീസിൽ തിരക്കിയപ്പോൾ അന്വേഷിക്കാമെന്നായിരുന്നു മറുപടി.

എറവ് പോസ്റ്റ് ഓഫീസിലെത്തി തങ്ങൾക്ക് വന്ന രജിസ്റ്റേർഡ് എവിടെയെന്ന് കണ്ടെത്തി തരണമെന്ന് അലീനയുടെ പിതാവ് ചാക്കോ വീണ്ടും ആവശ്യപ്പെട്ടു. ട്രാക്കിംഗ് രേഖകൾ പ്രകാരം ഉടമസ്ഥൻ കൈപ്പറ്റിയിട്ടുണ്ടെന്ന് പോസ്റ്റ് മാസ്റ്റർ ഉറപ്പിച്ചു പറഞ്ഞെങ്കിലും ചാക്കോ വിട്ടുകൊടുക്കാൻ തയാറായില്ല. ആരാണ് ഒപ്പിട്ട് വാങ്ങിയതെന്നു രേഖകൾ നോക്കി പറയണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നടന്ന പരിശോധനയിൽ പ്രദേശവാസിയായ യുവാവാണ് ഒപ്പിട്ടു വാങ്ങിയതെന്നു കണ്ടെത്തി. ഇയാളുടെ കൈവശം ഉണ്ടായിരുന്ന അലീനയുടെ കാണാതെ പോയ എടിഎം കാർഡ് അടങ്ങിയ രജിസ്റ്റേർഡ് കവർ പിതാവ് ചാക്കോക്ക് പോസ്റ്റ് മാസ്റ്റർ ഇടപെട്ട് വാങ്ങിക്കൊടുക്കുകയും ചെയ്തു.

തന്നോട് ഈ അഡ്രസിലുള്ള രജിസ്റ്റേർഡ് വാങ്ങിവയ്ക്കാൻ അറിയുന്ന ഒരു സ്ത്രീ ആവശ്യപ്പെതിനെ തുടർന്നാണ് വാങ്ങി വച്ചതെന്നാണ് യുവാവിന്‍റെ വിശദീകരണം.

എറവ് പോസ്റ്റ് ഓഫീസിൽ തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്നത് ദിവസ വേതനക്കാരാണ്. അഞ്ഞൂറിൽപ്പരം തപാൽ ഉരുപ്പടികളാണ് ഇപ്പോഴും പോസ്റ്റ് ഓഫീസിൽ മേൽവിലാസക്കാരന് എത്തിച്ചുകൊടുക്കാതെ കെട്ടിക്കിടക്കുന്നത്. ജോലി ചെയ്യേണ്ട പരിധി കൂടുതലും പ്രദേശത്തെ ഭൂരിപക്ഷം ആളുകളുടെയും മേൽവിലാസം പോസ്റ്റ്‌മാന് അറിയാത്തതുമാണ് പ്രശ്നമെന്നാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ പറയുന്ന ന്യായം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com