

കാല് തെറ്റി കിണറ്റിൽ വീണു, കുടുങ്ങിയത് 20 മണിക്കൂർ; വീട്ടമ്മയെ രക്ഷിച്ച് ഫയർഫോഴ്സ്
കൊല്ലം: പെരുമഴയത്ത് 20 മണിക്കൂറോളം കിണറ്റിൽ ജീവനു വേണ്ടി മല്ലിട്ട് വീട്ടമ്മ. പൊലീക്കോട് രാഹുൽ ഭവനവിൽ രാധാമണിയാണ് മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങിയത്. അഗ്നി ശമന സേന എത്തിയാണ് ഇവരെ രക്ഷപെടുത്തിയത്. മുളയറച്ചാൽ വെളമാനൂർകോണത്തുള്ള സഹോദരന്‍റെ സ്ഥലത്തെ ആൾമറയില്ലാത്ത കിണറ്റിലാണ് രാധാമണി വീണത്. സമീപത്തൊന്നും ആരുമില്ലാതിരുന്നതിനാൽ എത്ര നിലവിളിച്ചിട്ടും ആരും കേട്ടില്ല.
മണിക്കൂറുകൾക്കു ശേഷം കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ സഹോദരൻ രാധാകൃഷ്ണനാണ് രാധാമണിയുടെ കരച്ചിൽ കേട്ട് കിണറ്റിൽ നോക്കിയത്. അയൽവാസിയെ കൂട്ടി രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വിജയിക്കാതെ വന്നതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.
കിണറ്റിൽ വെള്ളം കുറവായിരുന്നതിനാൽ രാധാമണി മുങ്ങിത്താഴ്ന്നിരുന്നില്ല. രാത്രി മുഴുവൻ പെയ്ത മഴയിൽ ഭയന്നും പ്രാർഥിച്ചുമാണ് കഴിച്ചു കൂട്ടിയതെന്ന് രാധാമണി പറയുന്നു. ഒരു മണിക്കൂറോളം ശ്രമിച്ചിട്ടാണ് രാധാമണിയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്.