മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ ഉടമകൾക്ക് 4 വർഷമായിട്ടും നഷ്ടപരിഹാരം നൽകിക്കഴിഞ്ഞില്ല

എച്ച്‌ടുഒ ഹോളി ഫെയ്ത്ത് ഉടമകളാണ് ഇനി നഷ്ടപരിഹാരം നൽകാനുള്ളത്. ഇവരുടെ ഭൂമി ജപ്തി ചെയ്ത് തുക കൊടുത്തുതീർക്കാനാണ് കോടതി ഉത്തരവ്.
പൊളിച്ച എച്ച് ടു ഒ ഫ്ളാറ്റ് സമുച്ചയ പരിസരം മാലിന്യങ്ങളാൽ നിറഞ്ഞപ്പോൾ.
പൊളിച്ച എച്ച് ടു ഒ ഫ്ളാറ്റ് സമുച്ചയ പരിസരം മാലിന്യങ്ങളാൽ നിറഞ്ഞപ്പോൾ.Metro Vaartha

മരട്: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചെന്ന കാരണത്താൽ സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം മരട് നഗരസഭ പരിധിയിൽ നാല് ഫ്ളാറ്റുകൾ പൊളിച്ച് നീക്കിയിട്ട് നാല് വർഷം കഴിഞ്ഞു. 2020 ജനുവരി 11,12 എന്നീ തീയതികളിലാണ് മരടിലെ നാല് ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനങ്ങളിലൂടെ നാമാവശേഷമാക്കിയത്.

പൊളിച്ച് നീക്കിയപ്പോൾ ഒഴിഞ്ഞ് പോകേണ്ടി വന്ന താമസക്കാർക്ക് കോടതി ഉത്തരവ് പ്രകാരം 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയിരുന്നു. ഇതിനായി 62.75 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. 249 ഫ്ളാറ്റുടമകൾക്കായി 120 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി കണ്ടെത്തിയത്. എന്നാൽ, ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചിട്ട് നാലുവർഷം കഴിഞ്ഞിട്ടും ഫ്ളാറ്റുടമകൾക്കു എല്ലാവർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഫ്ലാറ്റ് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ റിട്ട. ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അധ്യക്ഷനായി സുപ്രീം കോടതി കമ്മിഷനെ നിയമിച്ചിരുന്നു. ഫ്ലാറ്റിനായി നൽകിയ തുക തിരിച്ചു നൽകണമെന്നായിരുന്നു കമ്മിഷന്‍റെ നിർദേശം. ഇതനുസരിച്ച് എച്ച്.ടു.ഒ. ഫ്ലാറ്റിന്‍റെ ബിൽഡേഴ്‌സ് ഒഴികെയുള്ളവർ ഉടമകൾക്ക് നഷ്ടപരിഹാരം നൽകി.

എച്ച്.ടു.ഒ. ഫ്ലാറ്റിന്‍റെ ബിൽഡേഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി ജപ്തി ചെയ്ത് നഷ്ടപരിഹാര തുക ഫ്ലാറ്റ് ഉടമകൾക്ക് നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. 2023 ജനുവരി ഇരുപതിനകം നഷ്ടപരിഹാര തുക നൽകാനായിരുന്നു ഉത്തരവ്. എന്നാൽ, ഒരു വർഷത്തോളമായിട്ടും ഉത്തരവ് നടപ്പാക്കാനായിട്ടില്ല. എറണാകുളം റവന്യൂ റിക്കവറി വിഭാഗം ലേല പരസ്യം നൽകി 15 ദിവസം കഴിഞ്ഞിട്ടും ഒരു ക്വട്ടേഷൻ പോലും ലഭിച്ചിട്ടില്ല. ഫെബ്രുവരി ഒന്നിനാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്. ഒരു വർഷം മുൻപ് ഇത് പോലെ ലേലം നിശ്ചയിച്ചെങ്കിലും ക്വട്ടേഷനുകൾ ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവയ്ക്കുകയാണുണ്ടായത്.

സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര, നവിൻ സിൻഹ എന്നിവരുടെ ബെഞ്ചാണ് 2019 മെയ് 8 ന് കെട്ടിടം പൊളിച്ച് നീക്കാനുള്ള വിധി പുറപ്പെടുവിച്ചത്.

നാല് കെട്ടിടങ്ങളും 2019 സെപ്റ്റംബർ 20ന് മുമ്പായി പൊളിച്ച് നീക്കണമെന്ന് കോടതി കേരള സർക്കാരിന് അന്തിമ ഉത്തരവ് നൽകി. ഫോർട്ട് കൊച്ചി ആർ ഡി ഒ സ്നേഹിൽകുമാർ സിങ്ങിനെ പൊളിച്ച് നീക്കൽ ഉത്തരവ് നടപ്പാക്കുന്നതിന്‍റെ സ്പെഷ്യൽ ഓഫീസറായും സർക്കാർ നിയമിച്ചു.

2019 സെപ്റ്റംബർ 24 ന് മരട് നഗരസഭ ഫ്ളാറ്റുകളിലെ താമസക്കാർക്ക് ഒഴിഞ്ഞ് പോകുന്നതിന് നോട്ടീസ് നൽകി. എച്ച് ടു ഒ ഹോളി ഫെയ്ത്ത്, ആൽഫ സറീൻ, ഗോൾഡൻ കായലോരം, ജെയ്ൻ കോറൽ കേവ് എന്നീ ഫ്ളാറ്റുകളാണ് പൊളിച്ച് നീക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com