

പന്തപ്രയിൽ ‘ലാവണ്യം 2026’ ഓണാഘോഷം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം: സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ‘ലാവണ്യം 2026’ ഓണാഘോഷം കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.
നാടിന്‍റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന കാലമാണ് ഓണക്കാലമെന്നും, ഓണം സമൂഹത്തിന്‍റെ സന്തോഷത്തിന്‍റെയും തുല്യതയുടെയും സന്ദേശം പകരുന്ന ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ചേർത്തുനിർത്തുന്ന ആഘോഷമെന്ന നിലയിൽ ഓണത്തിന്‍റെ സന്ദേശം സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കേണ്ടതുണ്ടെന്നും ഇതിന്‍റെ ഭാഗമായാണ് പന്തപ്രയിലെ ആദിവാസി ഉന്നതിയിൽ ഓണാഘോഷം സംഘടിപ്പിച്ചതെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി പന്തപ്രയിലെ ആദിവാസി കുടുംബങ്ങൾക്ക് മന്ത്രി ഓണക്കോടി വിതരണം ചെയ്തു. തുടർന്ന് ആദിവാസി സമൂഹാംഗങ്ങൾക്കൊപ്പം മന്ത്രി ഓണസദ്യയിലും പങ്കുചേർന്നു. സദ്യയ്ക്കുശേഷം ആദിവാസി സമൂഹാംഗങ്ങൾക്കൊപ്പം മന്ത്രിയും എംഎൽഎയും നൃത്തച്ചുവടുകളുമായി ആഘോഷത്തിൽ പങ്കാളികളായി. ചെണ്ടമേളത്തിനൊപ്പവും ഇരുവരും ആവേശത്തോടെ ചേർന്നതോടെ ആഘോഷത്തിന് കൂടുതൽ ഉല്ലാസഭാവമായി.
മലയോര ഗ്രാമമായ മാമലക്കണ്ടത്തെ തനത് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനായി ആരംഭിച്ച ‘കാഡ്ഫിൽ’ ബ്രാൻഡിന്‍റെ ആദ്യ ഉൽപന്നം സംരംഭകരായ കെ.കെ. അമൽ, വിഷ്ണു ബാലചന്ദ്രൻ എന്നിവർ മന്ത്രിക്ക് കൈമാറി.
ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മേരി കുര്യാക്കോസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു, എഡിഎം കെ. മനോജ്, ആർഡിഒ വി.ഇ. അബ്ബാസ് എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽദോസ് ബേബി, ഡിടിപിസി സെക്രട്ടറി ലിജോ ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കാന്തി വെള്ളക്കയൻ, ലിസി സൈമൺ, അരുൺ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു ബിബി, വാർഡ് മെമ്പർമാരായ ബിന്ദു രാജേന്ദ്രൻ, റോബിൻ സാബു, ശ്രീജിത്ത് ശിവൻ, , കവിത ഗോപകുമാർ, കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, യുഡിഎഫ് നേതാക്കളായ എ. ടി. പൗലോസ്, ജോഷി പൊട്ടക്കൻ, പീറ്റർ മാത്യു, സി. കെ. സത്യൻ, ബാബു പോൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.