

കാട് കേറ്റി വിട്ടിട്ടും തിരിച്ചു വന്നു; കാട്ടാനയെ മയക്കു വെടി വച്ച് മാറ്റാൻ നിർദേശിച്ച് മന്ത്രി
കോതമംഗലം: പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് മാറ്റുവാൻ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി. മാലിപ്പാറ, പൂച്ചക്കുത്ത്, പരപ്പൻചിറ, വാവേലി, വടക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന എത്തിയത്.
രണ്ടാഴ്ച മുമ്പ്, മാലിപ്പാറയിൽ സ്കൂൾ ബസിന് മുന്നിലെത്തിയ ആനയെ ഉദ്യോഗസ്ഥർ വനത്തിലേക്ക് കയറ്റിവിട്ടെങ്കിലും വൈകാതെ തന്നെ തിരികെ ജനവാസ മേഖലയിലേക്ക് എത്തുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ കുളങ്ങാട്ടുകുഴിയിൽ കർഷകനായ സിബിയുടെ വീട്ടുപരിസരത്ത് ആനയെ കണ്ടത് പരിഭ്രാന്തി പരത്തിയിരുന്നു. പ്രദേശത്ത് തുടരുന്ന ആനയെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. എ സി എഫ് ജ്യോതിസിന്‍റെ നേതൃത്വത്തിൽ ഡോക്‌ടർമാരുടെ സംഘം സ്ഥലത്തെത്തി.