
കൊച്ചി: ഇൻഫോ പാർക്കും സ്മാർട്ട് സിറ്റിയും കലക്റ്ററേറ്റും ഉൾപ്പെടുന്ന തൃക്കാക്കര നഗരസഭാ പരിധിയിൽ രാത്രി കാലങ്ങളിൽ തട്ടുകടകൾ അടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണമെന്ന നിർദേശത്തിൽ പ്രതിഷേധം വ്യാപകമാകുന്നു.
ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതൽ പുലർച്ചെ നാല് മണി വരെ അടപ്പിക്കാനാണ് തീരുമാനം. പ്രദേശത്ത് ലഹരി മരുന്ന് വിൽപ്പന വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്നാണ് നഗരസഭയുടെ വിശദീകരണം.
കാക്കനാട് രാത്രികാലങ്ങളിൽ കടകൾ ഇല്ലാതാവുന്നതോടെ ഇവിടത്തെ നൈറ്റ് ലൈഫ് തന്നെ ഇല്ലാതാവുമെന്ന ആശങ്ക ഈ മേഖലയിൽ ജോലി ചെയ്യുന്ന പലർക്കുമുണ്ട്.
ഈ മേഖലയിൽ ധാരളമായുള്ള വിവിധ ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നൈറ്റ് ഡ്യൂട്ടിയുള്ളവരടക്കം ആയിരക്കണക്കിനാളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് നഗരസഭ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന നിയന്ത്രണം.
ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ഒട്ടേറെ പേർ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്. അതിതാൽ നഗരസഭ കടകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാൽ അത് ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പ്രോഗ്രസീവ് ടെക്കീസ് വ്യക്തമാക്കി. നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രോഗ്രസീവ് ടെക്കീസ് രാത്രി നടത്തവും സംഘടിപ്പിച്ചു.
നഗരസഭയുടെ തീരുമാനം അംഗീകരിക്കില്ലെന്നും നിയന്ത്രണം ഏർപ്പെടുത്തിയാലും ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്നും ഹോട്ടൽ ഉടമകൾ അറിയിച്ചിട്ടുണ്ട്. കടകൾ പൂട്ടിക്കുകയാണ് ലക്ഷ്യമെങ്കിൽ തങ്ങൾ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും നഗരസഭ തീരുമാനം പുനപ്പരിശോധിക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ. വേണ്ടി വന്നാൽ കേരളത്തിലെ എല്ലാ ഹോട്ടലുകളും പൂട്ടിയിട്ട് പ്രതിഷേധിക്കുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.