
മുല്ലശ്ശേരി കനാൽ നവീകരണം പൂർത്തിയാക്കാത്ത നിലയിൽ.
MV
കൊച്ചി: അഞ്ച് വർഷത്തോളം ഇരുപത് കോടി രൂപ ചെലവഴിച്ച് പണി തുടർന്നിട്ടും എങ്ങുമെത്താതെ മുല്ലശേരിക്കനാൽ നവീകരണം. മഴക്കാലത്ത് കനാലിന് ഇരുവശത്തും താമസിക്കുന്നവർക്ക് ദുരിതകാലം. റോഡുകളടക്കം പൊളിച്ചിട്ടിരിക്കുന്നതിനാൽ മുല്ലശ്ശേരി കനാൽ റോഡിനിരുവശവും താമസിക്കുന്നവർക്ക് വീടിനു പുറത്തേക്കിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയിലാണ്.
കൊച്ചി നഗരത്തിലെ പ്രധാന ഭാഗങ്ങളാണ് അഞ്ച് വർഷങ്ങളായി പൊളിച്ചിട്ടിരിക്കുന്നത്. മഴക്കാലത്ത് തുടർച്ചയായി വെള്ളം കയറുന്ന സ്വാമി വിവേകാനന്ദ റോഡിലെ വീടുകളിൽ തുടർച്ചയായ അഞ്ചാം തവണയും വെള്ളം കയറി. ജനങ്ങളുടെ ദൈനംദിന ജീവിതം പോലും താറുമാറാക്കിയാണ് വികസനം എന്ന പേരിൽ അഞ്ച് വർഷമായി ഒരു കനാൽ നവീകരണം പോലും പൂർത്തിയാക്കാൻ കഴിയാതെ നീളുന്നത്.
കൃത്യമായ പ്ലാനിങ്ങോ മേൽനോട്ടമോ ഇല്ലാതെയാണ് മുല്ലശ്ശേരി കനാൽ നവീകരണം ആരംഭിച്ചതു തന്നെ. നിർമാണത്തിലെ അപാകതയും മെല്ലെപ്പോക്കും തുടക്കം മുതൽ കൗൺസിലർമാർ അടക്കം ജില്ലാ കലക്റ്റർ അടക്കമുള്ള അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു തീരുമാനവും ആയില്ല. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാണെന്ന പേരിൽ 2020 ലാണ് മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി മുല്ലശ്ശേരി കനാൽ നവീകരണം ആരംഭിച്ചത്.
അഞ്ച് വർഷം പിന്നിട്ടിട്ടും കുറെ കോൺക്രീറ്റ് സ്ളാബുകൾ അവിടിവിടെ കൂട്ടിയിട്ടതല്ലാതെ കനാൽ നവീകരണം ഏറെയൊന്നും മുന്നോട്ട് പോയില്ല. നവീകരണം പാതി വഴി പിന്നിട്ടെങ്കിലും വെള്ളം ഇപ്പോഴും ഒഴുകി പോകുന്നില്ലെന്ന് അധികൃതർ സമ്മതിക്കുന്നു. സൗത്ത് റെയ്ൽവെ സ്റ്റേഷൻ കൽവർട്ടിൽ വിവേകാനന്ദ കനാൽ മുല്ലശ്ശേരി കാണാനുമായി ചേരുന്ന സ്ഥലം തീരെ ഇടുങ്ങിയതായതിനാൽ വെള്ളമൊഴുകി പോകുന്നതിനു തടസം നേരിടുന്നുണ്ട്. രണ്ടാഴ്ച മുൻപാണ് ഇവിടത്തെ നിർമാണം പൂർത്തിയാക്കിയത്. ഏതൊരു സാധാരണക്കാരനും ഇത് ഒറ്റനോട്ടത്തിൽ മനസിലാകുമെങ്കിലും അധികൃതർക്ക് മാത്രം ഇത് മനസിലായില്ല.
മുല്ലശ്ശേരി കനാൽ നവീകരണം പൂർത്തിയാക്കിയാൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, കാരിക്കാമുറി, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിലെയെല്ലാം വെള്ളക്കെട്ട് ഒഴിവാകും. നിരവധി തവണ ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും മുല്ലശ്ശേരി കനാൽ നിർമാണത്തിൽ പറയത്തക്ക പുരോഗതി ഉണ്ടായിട്ടില്ല.