എൻ എ ഡി ചുറ്റുമതിൽ നിർമ്മാണം പ്രശ്ന പരിഹാരമാകുന്നത് വരെ നിർത്തി വയ്ക്കും: കമാൻഡിംഗ് ഇൻ ചീഫുമായുള്ള കൂടിക്കാഴ്ച്ച തൃപ്തികരമെന്ന് ഹൈബി ഈഡൻ
കളമശേരി: കളമശേരി നഗരസഭയിലെ ഏഴ് മുതൽ 13 വരെയുള്ള വാർഡുകളിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ആയുധ സംഭരണ കേന്ദ്രം എൻ എ ഡിയുടെ ചുറ്റുമതിൽ നിർമ്മിക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി സതേൺ നേവൽ കമാൻഡ് കമ്മാൻഡിംഗ് ഇൻ ചീഫ് എം എ ഹമ്പിഹോളിയുമായി കൂടിക്കാഴ്ച്ച നടത്തി.
നിലവിലത്തെ രീതിയിൽ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയായാൽ 30 വർഷമായി പ്രദേശവാസികൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പാരമ്പരാഗത വഴികൾ അടഞ്ഞു പോകും എന്ന് എം പി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി. എം പി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ചുറ്റുമതിൽ നിർമ്മാണ പ്രവർത്തനങ്ങൾ തത്ക്കാലികമായി നിർത്തി വയ്ക്കുമെന്ന് കമാൻഡിംഗ് ഇൻ ചീഫ് അദ്ദേഹത്തെ അറിയിച്ചു. സൈറ്റ് ഇൻസ്പെക്ഷൻ നടത്തി നാട്ടുകാരുടെ പരാതികൾ കൂടി പരിഗണിച്ചതിന് ശേഷം മാത്രമാണ് ചുറ്റുമതിൽ നിർമ്മാണം പുനരാരംഭിക്കുകയുള്ളൂ എന്ന് നേവൽ ഉദ്യോഗസ്ഥർ എം പിയ്ക്ക് ഉറപ്പ് നൽകി. ഒരാഴ്ച്ചയ്ക്കുള്ളിൽ സൈറ്റ് ഇൻസ്പെക്ഷൻ നടത്തും എന്നും അറിയിച്ചിട്ടുണ്ട്. കമാൻഡിംഗ് ഇൻ ചീഫുമായുള്ള കൂടിക്കാഴ്ച്ച ഏറെ തൃപ്തികരമായിരുന്നുവെന്നും അദ്ദേഹത്തോട് പ്രത്യേകം നന്ദിയുണ്ടെന്നും എം പി പറഞ്ഞു.
വിഷയത്തിൽ ശാശ്വതമായ ഒരു പരിഹാരം ലഭിക്കണമെങ്കിൽ മുൻസിപ്പാലിറ്റിയും ബന്ധപ്പെട്ട ആളുകളും ഇത് സംബന്ധിച്ചുള്ള അപേക്ഷകൾ ഓൺലൈനായി പ്രതിരോധ വകുപ്പിന്റെ വെബ്സൈറ്റിൽ സമർപ്പിക്കണം. അപേക്ഷകളുടെ തുടർ നടപടികൾ ദ്രുതഗതിയിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയെ നേരിൽ കാണുമെന്നും എം പി പറഞ്ഞൂ.
വർഷങ്ങളോളമായി തകർന്ന് കിടക്കുന്ന മുട്ടം യാർഡ്-വിടാക്കുഴ ജംക്ഷൻ- എസ് എൻ ഡി പി റോഡ് നന്നാക്കുന്നതിന് എൻ എ ഡി യുടെ അനുമതി വേണമെന്ന കാര്യവും എം പി ചൂണ്ടിക്കാട്ടി. റോഡിന്റെ വിഷയത്തിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കാമെന്ന് കമാൻഡിംഗ് ഇൻ ചീഫ് ഉറപ്പ് നൽകിയതായി എം പി പറഞ്ഞു. കൗൺസിലർ മുഹമ്മദ് ഫെസി യോഗത്തിൽ പങ്കെടുത്തു.