
സി.കെ. അലക്സാണ്ടർ
കോതമംഗലം: ഗ്ലോബൽ കൗൺസിൽ ഫോർ അക്കാദമിക് എക്സലെൻസ് ഫൗണ്ടേഷന്‍റെ നാഷണൽ ആചാര്യ രത്‌ന അവാർഡ് കോതമംഗലം മാർ ബേസിൽ സ്കൂൾ റിട്ട. അധ്യാപകൻ ചേലാട് ചെങ്ങമനാടൻ സി. കെ. അലക്സാണ്ടർക്ക്. വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് ദേശീയ അധ്യാപക ദിനത്തിൽ അലക്സാണ്ടർക്ക് പുരസ്കാരം നൽകുന്നതെന്ന് ഗ്ലോബൽ കൗൺസിൽ ചെയര്പേഴ്സൻ പ്രൊഫ. ഡോ.ഐശ്വര്യ നാരായൺ അയ്യർ പറഞ്ഞു.
വിദ്യാർഥികളെ പരിശീലിപ്പിച്ച് സ്കൂൾ കലോത്സവ മേളകളിലും, പ്രവൃത്തി പരിചയ മേളകളിലും പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ അവർക്ക് നേടിക്കൊടുക്കുവാൻ കഴിഞ്ഞ അലക്സാണ്ടർക്ക് സംസ്ഥാന, ദേശീയ അധ്യാപക അവാർഡ്, കേരളത്തിലെ ഏറ്റവും മികച്ച റേഡിയോ ശ്രോതാവിനുള്ള ശ്രവണശ്രീ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 60 വർഷത്തിലധികമായി റേഡിയോ ശ്രോതാവാണ്.
ഒരു കാലഘട്ടത്തിന്‍റെ ശബ്ദമായിരുന്ന റേഡിയോയാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചതെന്നു അലക്സാണ്ടർ പറയുന്നു. 1980 ൽ ആദ്യമായി മികച്ച റേഡിയോ ശ്രോതാവിനുള്ള പുരസ്കാരം അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന വസന്ത് സാട്ടെയിൽ നിന്ന് ഏറ്റുവാങ്ങിയതു മുതൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആകാശവാണി വയലും വീടും, കൃഷിപാഠം പരമ്പരകളിലെ സ്ഥിരം വിജയി. സമ്മാനമായി രണ്ടു അഖിലേന്ത്യാ പര്യടനം. അങ്ങനെ നീളുന്നു വിജയപ്പട്ടിക. സമ്മാനമായി ലഭിച്ച 20 ൽ പരം റേഡിയോകൾ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും നൽകികൊണ്ട് അവരെയും റേഡിയോ കേൾപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന വ്യക്തിയാണ് അലക്സാണ്ടർ.
തുടർച്ചയായി ആകാശവാണിയുടെ റേഡിയോ പുരസ്കാരങ്ങൾ ലഭിച്ചതിനും, റേഡിയോയുടെ 60 വർഷത്തിലേറെയുള്ള ശ്രവണത്തിനും ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്, ഏഷ്യ ബുക്ക് റെക്കോഡ്, പ്രിസ്റ്റീജിയസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്, വേൾഡ് ബുക്ക് റെക്കോഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പുതു തലമുറയ്ക്ക് അത്ര സുപരിചിതമല്ലാത്ത, ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള സംഗീത ഉപകരണമായ ബുൾ ബുൾ വായിക്കാൻ അറിയാവുന്ന മലയാളികളിൽ ചുരുക്കം ചിലരിലൊരാളാണ് 83 കാരനായ ഈ റിട്ട. അധ്യാപകൻ. ഭാര്യ പരേതയായ മേരി അലക്സ്. മക്കൾ : മാധ്യമ പ്രവർത്തകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ. സി. അലക്സ്, പരേതയായ അരുണിമ അലക്സ്.