

ദേശീയ പോഷകാഹാര പക്ഷാചരണത്തിന്‍റെ ഭാഗമായി അമ്മമാർക്കായി സംഘടിപ്പിച്ച ശിൽപശാല തൃശൂർ അതിരൂപത മാതൃവേദി ഡയറക്റ്റർ ഫാ. ട്വിങ്കിൾ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: ആരോഗ്യകരമായ കുടുംബഭക്ഷണശീലങ്ങൾക്കൊപ്പം പരിസ്ഥിതി സൗഹൃദമായ പാചകരീതികൾ പ്രോത്സാഹിപ്പിക്കാനുമായി ദേശീയ പോഷകാഹാര പക്ഷാചരണത്തിന്‍റെ ഭാഗമായി അമ്മമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. തൃശൂർ അതിരൂപത മാതൃവേദി ഡയറക്റ്റർ ഫാ. ട്വിങ്കിൾ വാഴപ്പിള്ളി ശിൽപശാല ഉദ്ഘാടനം ചെയ്തു. തൃശൂർ സെന്‍റ് തോമസ് കോളെജിലെ സുവോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ മാതൃവേദിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 150ഓളം അമ്മമാർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാതല സമാപന പരിപാടിയുടെ ഭാഗമായി ഫാമിലി അപ്പോസ്തലേറ്റ് സെന്‍ററിൽ നടന്ന ശിൽപശാലയിൽ വനമിത്ര അവാർഡ് ജേതാവും കില ഫാക്കൽറ്റിയുമായ വി.കെ. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. ഭക്ഷണം എന്നത് പോഷകമൂല്യത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഭക്ഷണത്തിന്‍റെ തെരഞ്ഞെടുപ്പ്, പാചകരീതി, ഭക്ഷ്യമാലിന്യം കുറയ്ക്കൽ എന്നിവയും ആരോഗ്യകരമായ ജീവിതത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇൻസ്പയർ ഇന്ത്യ പ്രവർത്തകയും കേരള വാട്ടർ അതോറിറ്റി റിട്ട. എൻജിനീയറുമായ വി.കെ. രമണി കാർബൺ ന്യൂട്രൽ പാചക ക്ലാസിന് നേതൃത്വം നൽകി. മാതൃവേദി പ്രസിഡന്‍റ് ഉജ്വല ബിജു അധ്യക്ഷത വഹിച്ചു. സുവോളജി വകുപ്പ് മേധാവി പ്രൊഫ. വിമല ജോൺ സ്വാഗതവും സെക്രട്ടറി റീന വർഗീസ് നന്ദിയും പറഞ്ഞു.
ആരോഗ്യവും ക്ഷേമവും വിദ്യാഭ്യാസത്തിന്‍റെ അവിഭാജ്യ ഘടകമെന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായി സെന്‍റ് തോമസ് കോളെജ് വെൽനെസ് കേന്ദ്രീകൃത പ്രവർത്തനങ്ങൾക്കും സമൂഹാധിഷ്ഠിത ആരോഗ്യ സംരംഭങ്ങൾക്കും പ്രാധാന്യം നൽകിവരുന്നുണ്ട്. ഇതിന്‍റെ ഭാഗായി പോഷകാഹാരം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, സുസ്ഥിരമായ അടുക്കള രീതികൾ എന്നിവക്ക് പ്രാധാന്യം നൽകി "പായസ മധുരം' എന്ന ക്ലാസും നടത്തിയിരുന്നു.