അലൈൻമെന്‍റിൽ തർക്കം: തുറമുഖ കോറിഡോർ പദ്ധതി പാതിവഴിയിൽ

അരൂർ - ഇടപ്പള്ളി ബൈപാസിനെ വില്ലിംഗ്ടൺ ഐലന്‍റുമായി ബന്ധിപ്പിക്കുന്ന നാലുവരി ഇടനാഴി നെട്ടൂരിൽ നിന്നാരംഭിച്ച്, കുണ്ടന്നൂർ ജംഗ്‌ഷനും പാലവും കടന്ന് ഐലൻഡിൽ അവസാനിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരുന്നത്.
കുണ്ടന്നൂർ ജംക്ഷൻ.
കുണ്ടന്നൂർ ജംക്ഷൻ.

ജിബി സദാശിവൻ

കൊച്ചി: അലൈന്മെന്‍റിനെ ചൊല്ലിയുള്ള തർക്കം തുടരുന്നത് നെട്ടൂർ മുതൽ കൊച്ചി തുറമുഖം വരെ നീളുന്ന ആറു കിലോമീറ്റർ ദേശീയപാതാ കോറിഡോർ പദ്ധതി (എൻ എച്ച് 966 - ബി) പാതിവഴിയിൽ നിലച്ചു. തർക്കത്തെ തുടർന്ന് സ്ഥലമേറ്റെടുക്കൽ നടപടി ഏറെനാളായി സ്തംഭനത്തിലാണ്. കൊച്ചി തുറമുഖ അഥോറിറ്റിയും ദേശീയപാത അഥോറിറ്റിയും തമ്മിലുള്ള തർക്കമാണ് പരിഹാരമില്ലാതെ നീളുന്നത്. അരൂർ- ഇടപ്പള്ളി ബൈപാസിനെ വില്ലിംഗ്ടൺ ഐലന്‍റുമായി ബന്ധിപ്പിക്കുന്ന നാലുവരി ഇടനാഴി നെട്ടൂരിൽ നിന്നാരംഭിച്ച് തിരക്കേറിയ കുണ്ടന്നൂർ ജംഗ്‌ഷനും ഇടുങ്ങിയ കുണ്ടന്നൂർ പാലവും കടന്ന് ഐലൻഡിൽ അവസാനിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തത്.

രണ്ട് കിലോമീറ്റർ നീളമുള്ള കുണ്ടന്നൂർ പാലത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമായിരുന്ന പദ്ധതിയാണ് അനിശ്ചിതമായി നീളുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെ ദേശീയപാതാ വിഭാഗത്തിന്‍റെ മേൽനോട്ടത്തിലുള്ള കുണ്ടന്നൂർ പാലം പലപ്പോഴും കുണ്ടും കുഴിയും നിറഞ്ഞ് വാഹനയാത്രക്കാർക്ക് കനത്ത ഭീഷണിയാകാറുണ്ട്. ഒട്ടേറെ ചരക്ക് വാഹനങ്ങളും കണ്ടെയ്‌നറുകളും യാത്രാ വാഹനങ്ങളും കടന്നുപോകുന്ന കുണ്ടന്നൂർ പാലത്തിൽ രണ്ട് വരി ഗതാഗതം മാത്രമേ സാധ്യമാകൂ. ഇത് പലപ്പോഴും മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിനും ഇടയാക്കാറുണ്ട്.

കേന്ദ്ര ദേശീയപാത, റോഡ് ഗതാഗത മന്ത്രാലയം കഴിഞ്ഞ നവംബറിൽ അലൈൻമെന്‍റ് അംഗീകരിക്കുകയും ഡിസംബർ അവസാന വാരം സ്ഥലമേറ്റെടുക്കലിനായി മൂന്ന് എ നോട്ടിഫിക്കേഷൻ ചെയ്തിരുന്നു. എന്നാൽ, ജലാശയങ്ങൾക്ക് സമീപമുള്ള സ്ഥലങ്ങളിലൂടെയാണ് ഇടനാഴി രൂപകൽപ്പന ചെയ്തതെന്നും ഇതിനു സമീപമുള്ള ഹോസ്പിറ്റാലിറ്റി പദ്ധതിക്ക് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കൊച്ചി തുറമുഖ അഥോറിറ്റി അലൈന്മെന്‍റിനെ എതിർക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദേശീയപാത അഥോറിറ്റി തയാറാക്കിയ പ്ലാൻ പ്രകാരം ജനുവരി അവസാനത്തോടെ 45 മീറ്റർ വീതിയുള്ള ദേശീയപാത ഇടനാഴിക്കായുള്ള സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കേണ്ടതായിരുന്നു. അലൈൻമെന്‍റ് പ്രകാരം എൻ എച്ച് ഇടനാഴിയുടെ ഏറിയ ഭാഗവും ജലാശയങ്ങളിലൂടെയും തുറമുഖത്തിന്‍റെ കൈവശമുള്ള ഭൂമിയിലൂടെയുമാണ് കടന്നു പോകുന്നതിനാൽ സ്ഥലമേറ്റെടുക്കൽ വേഗം പൂർത്തിയാകുമെന്നായിരുന്നു എൻ എച്ച് എ ഐയുടെ ധാരണ. 75 വീടുകളും മറ്റു കെട്ടിടങ്ങളും മാത്രമേ ഏറ്റെടുക്കേണ്ടി വരുമായിരുന്നുള്ളു. ഈ മാസം ടെണ്ടർ വിളിച്ച് 2025 സെപ്തംബറിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കുന്ന തരത്തിലായിരുന്നു ദേശീയപാതാ അഥോറിറ്റി പദ്ധതി തയ്യാറാക്കിയിരുന്നത്. കൊച്ചി തുറമുഖ അഥോറിറ്റിയുടെ എതിർപ്പ് മൂലം ഉടനെയെങ്ങും പദ്ധതി നടപ്പാക്കാനാകുമെന്ന് വിശ്വാസമില്ലെന്ന് എൻ എച്ച് എ ഐ അധികൃതർ പറയുന്നു. എന്നാൽ നിലവിലെ റോഡിനും പാലത്തിനും സമാന്തരമായി കിടക്കുന്ന ഭൂമി കൈമാറിക്കഴിഞ്ഞതായി കൊച്ചി തുറമുഖ അഥോറിറ്റി അവകാശപ്പെടുന്നു.

രണ്ട് ഏജൻസികളും തമ്മിലുള്ള തർക്കം പരിഹരിച്ചില്ലെങ്കിൽ ദേശീയപാത ഇടനാഴി പദ്ധതി തന്നെ ഉപേക്ഷിക്കേണ്ടി വന്നേക്കും. വിഴിഞ്ഞം തുറമുഖം കൂടി പൂർണ തോതിൽ സജ്ജമാകുന്നതോടെ കൊച്ചി തുറമുഖത്തിന് അതൊരു നഷ്ടമാകുകയും ചെയ്യും.

Trending

No stories found.

Latest News

No stories found.