വെക്കേഷൻ സമയത്ത് വിദ്യാർഥികള്‍ക്ക് കണ്‍സഷൻ നൽകില്ല

അവധിക്കാല ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ചില സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
Private buses, Representative image
Private buses, Representative image

കൊച്ചി: അവധിക്കാല ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും ജില്ലയിലെ ചില സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ വിദ്യാർഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. ജൂണ്‍ മുതല്‍ പത്ത് മാസത്തേക്ക് മാത്രമാണ് കണ്‍സഷന്‍ അനുവദിക്കുകയുള്ളൂ. വേനല്‍ ചൂട് മൂലം യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് കാരണം വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് മേഖലയില്‍ അനുഭവപ്പെടുന്നതെന്ന് ജനറല്‍ സെക്രട്ടറി കെ.ബി സുനീര്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസമാണ് അവധിക്കാല ക്ലാസ് പാടില്ലെന്ന ഉത്തരവിനെതിരെ സിബിഎസ്‌ഇ ഐസിഎസ്ഇ സ്കൂളുകൾ ഹൈക്കോടതിയെ സമീപിച്ചത്. ക്ലാസുകൾ നടത്താമെന്ന അനുമതിയും അവർ കോടതിയിൽ നിന്നുവാങ്ങി. ഇതിന് പിന്നാലെയാണ് സ്വകാര്യബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ രംഗത്തെത്തിയത്. അവധിക്കാലങ്ങളിലും കൺസെക്ഷൻ അനുവദിച്ചാൽ സാന്പത്തികപ്രതിസദ്ധി നേരിടുന്ന പ്രസ്ഥാനത്തിന് അത് കൂടുതൽ തിരിച്ചടിയാകുമെന്ന് അസോസിയേഷൻ പറയുന്നു.

സ്കൂളുകൾക്ക് വെക്കേഷൻ ക്ലാസ് നടത്താൻ ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി നൽകിയത്. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത് ക്ലാസുകൾ നടത്താനാണ് അനുമതി.

സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് വെക്കേഷൻ ക്ലാസിന് അനുമതിയില്ല. കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഇതിന് വ്യവസ്ഥയില്ലെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കിൽ സർക്കാരിന് പ്രത്യേക ഉത്തരവിറക്കി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ക്ലാസുകൾ നടത്താമെന്നും കോടതി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com