കണ്ടെയ്‌നർ റോഡിൽ എന്ന് തെളിയും വെളിച്ചം

2011ൽ റോഡ് തുറന്ന ശേഷം 28 ഓളം പേർ അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം ഇതിന്‍റെ പതിന്മടങ്ങാണ്‌.
കണ്ടെയ്‌നർ റോഡിൽ എന്ന് തെളിയും വെളിച്ചം
Container road

ജിബി സദാശിവൻ

കൊച്ചി: വഴിവിളക്കുകളില്ലാത്ത വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ റോഡ് രാത്രികാല വാഹനയാത്രക്കാർക്ക് അപകടക്കെണിയൊരുക്കുന്നു. 2011ൽ റോഡ് തുറന്ന ശേഷം 28 ഓളം പേർ അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം ഇതിന്‍റെ പതിന്മടങ്ങാണ്‌. പ്രദേശത്ത് സ്ട്രീറ്റ്ലൈറ്റ് ഉണ്ടായിരുന്നെങ്കിൽ ഒഴിവാകുമായിരുന്ന അപകടങ്ങളാണ് ഇതിലേറെയും.

സന്ധ്യ മയങ്ങിയാൽ ജീവൻ പണയം വച്ചാണ് ഇരുചക്ര വാഹനയാത്രക്കാർ ഇതുവഴി സഞ്ചരിക്കുന്നത്. ലക്കും ലഗാനുമില്ലാതെയാണ് കണ്ടെയ്‌നർ ലോറികൾ ഇതുവഴി പായുന്നത്. കണ്ടെയ്‌നർ റോഡിൽ പാർക്കിംഗ് നിരോധിച്ചെങ്കിലും ഇപ്പോഴും അനധികൃത പാർക്കിംഗ് ഇവിടെയുണ്ട്. നടപടിയെടുക്കേണ്ടവർ തിരിഞ്ഞു നോക്കുന്നില്ല. രാത്രിയിൽ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കണ്ടെയ്‌നർ ലോറികളിൽ ഇരുചക്ര വാഹനങ്ങൾ ഇടിച്ചു കയറുന്നത് പതിവ് കാഴ്ചയാണ്.

വെളിച്ചമില്ലാത്തതിനാൽ വാഹനങ്ങൾ പിന്നിൽ ഇടിച്ചാണ് അപകടങ്ങളിലേറെയും. മരണകാരണമായ അപകടങ്ങളിൽ ഏറെയും നടന്നത് രാത്രിയിലാണ്. ഇത്രയേറെ അപകടങ്ങളുണ്ടായിട്ടും റോഡ് വൈദ്യുതീകരണത്തിനായി ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നിരവധി അജ്ഞാത മൃതദേഹങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇപ്പോഴും കുറ്റകൃത്യങ്ങൾക്ക് അനുകൂലമായ സാഹചര്യമാണിവിടെ.

ഇരുട്ട് വീണുകഴിഞ്ഞാൽ സാമൂഹ്യ വിരുദ്ധരുടെ പിടിയിലാണ് കണ്ടെയ്‌നർ റോഡ്. കണ്ടെയ്‌നർ റോഡിലെ മുളവുകാട് പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിക്കഴിഞ്ഞു. സന്ധ്യ കഴിഞ്ഞാൽ അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രവുമാണിവിടം. മുളവ്കാട് പൊലീസ് സ്റ്റേഷൻ തൊട്ടടുത്താണെങ്കിലും പൊലീസ് തിരിഞ്ഞു നോക്കാറില്ല. പകൽ സമയത്ത് പോലും അമിത വേഗതയിലാണ് ലോറികൾ ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. ആദ്യം ടെർമിനലിലെത്തി ടേൺ ഉറപ്പിക്കാൻ വേണ്ടിയുള്ള അതിവേഗ പാച്ചിൽ പലപ്പോഴും അപകടങ്ങൾക്ക് വഴിതുറക്കാറുണ്ട്.

കണ്ടെയ്‌നർ റോഡ് നിർമ്മിക്കുന്നതിനായുള്ള ആദ്യ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ടിൽ റോഡ് വൈദ്യുതീകരണത്തിനുള്ള നിർദ്ദേശം ഉണ്ടായിരുന്നില്ല. കണ്ടെയ്‌നർ ലോറികളെ മാത്രം ലക്ഷ്യമിട്ടുള്ള റോഡാണ് വിഭാവനം ചെയ്തിരുന്നത്. നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ കൂടുതൽ സ്വകാര്യ വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് സ്ട്രീറ്റ് ലൈറ്റ് അത്യാവശ്യമായി വന്നത്. 2011ൽ പാത തുറന്നുകൊടുത്തെങ്കിലും നാലുവരിപ്പാത സഞ്ചാരയോഗ്യമായത് 2014 ലാണ്.

വൈദ്യുതീകരണ ജോലികളും ജംഗ്ഷൻ വികസനവും പൂർത്തിയാകുന്നതിന് മുമ്പു തന്നെ കരാറുകാരാർ ദേശീയപാത അഥോറിറ്റിക്ക് റോഡ് കൈമാറിയിരുന്നു. റോഡിന്‍റെ കളമശേരിയിൽ തുടങ്ങി വല്ലാർപാടത്ത് അവസാനിക്കുന്ന 17.2 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കണ്ടെയ്‌നർ റോഡ് നിർമ്മാണ കരാറിൽ വൈദ്യുതീകരണം ഉൾപ്പെട്ടിരുന്നില്ലെന്നാണ് കരാറുകാർ പറയുന്നത്.

എന്നാൽ കണ്ടെയ്‌നർ റോഡ് ശക്തിപ്പെടുത്തുന്നതിനും നവീകരണം നടപ്പിലാക്കുന്നതിനായി 91 കോടി പാസായിട്ടുള്ളതാണെന്നും എന്തുകൊണ്ടാണ് നിർമ്മാണം വൈകുന്നതെന്നതിന് എൻ.എച്ച്.എ.ഐയാണ് മറുപടി പറയേണ്ടതെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. കണ്ടെയ്‌നർ റോഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്‌ഥാപിക്കാൻ എം പി ഫണ്ടിൽ നിന്ന് പണം അനുവദിച്ചിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.

Trending

No stories found.

Latest News

No stories found.