
കോട്ടയം: വാഗമണ്ണിന് സമീപം വിനോദസഞ്ചാരത്തിന് എത്തിയ യുവാവ് കൊച്ചുകരിന്തരുവി പുഴയില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം കല്ലമ്പലം നിബിൻ മൻസിലിൽ ഫസിലിന്റെ മകൻ നിബിൻ ആണ് മരിച്ചത്. ബി.എസ്.സി നഴ്സിങ് വിദ്യാർഥിയാണ് നിബിൻ. നിബിൻ ഉൾപ്പെടെ സുഹൃത്തുക്കളായ 8 പേർ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് വാഗമണ്ണിലെത്തിയത്. വാഗമൺ മൊട്ടക്കുന്നിന് 5 കിലോമീറ്റർ അകലെ കൊച്ചുകരിന്തരുവിയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തിയതായിരുന്നു സംഘം. വെള്ളച്ചാട്ടത്തിൽ ഇറങ്ങി 10 മിനിറ്റിനുള്ളിൽ നിബിൻ അപകടത്തിൽപ്പെട്ടു.
അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ഉൾപ്പെടെ ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ ഈരാറ്റുപേട്ടയിൽ നിന്നുള്ള നന്മക്കൂട്ടവും, ടീം എമർജൻസി പ്രവർത്തകരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്തു നിന്നും ഗവിയിൽ സന്ദർശനം നടത്തിയ സംഘം ഇന്നലെ 5 മണിയോടെയാണ് കൊച്ചുകരിന്തരുവിയിൽ എത്തിയത്. താമസിക്കാനുള്ള റിസോർട്ട് തരപ്പെടുത്തിയ ശേഷം എല്ലാവരും ചേർന്ന് പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു. അനുജൻ നിതിൻ ഒഴുക്കിൽ പെട്ടത് കണ്ട് രക്ഷപെടുത്താൻ ഇറങ്ങിയതാണ് നിബിൻ. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസിയായ ടോമി ഇരുവരെയും രക്ഷപെടുത്തി. നിബിനെ പാറയിൽ ഇരുത്തിയശേഷം നിതിനെ മുകളിലേക്ക് കയറ്റുന്നതിനിടെ നിബിൻ കാൽ വഴുതി വീണ്ടും ഒഴുക്കിൽപ്പെട്ട് കയത്തിലേക്ക് വീഴുകയായിരുന്നു.