
മൃതദേഹം സംസ്കരിക്കുന്നതിനിടെ പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്
തിരുവനന്തപുരം: മൃതദേഹം സംസ്കരിക്കുന്നതിനിടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന പേസ്മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്. പളളിപ്പുറം കരിച്ചാറ സ്വദേശി സുന്ദരന്‍റെ കാലിലാണ് പേസ് മേക്കറിന്‍റെ ഭാഗങ്ങൾ തുളച്ചു കയറിയത്.
പളളിപ്പുറം സ്വദേശി വിമലയുടെ മൃതദേഹം വ്യാഴാഴ്ച സംസ്കരിക്കുന്നതിനിടെയായിരുന്നു ശരീരത്തിനുളളിലെ പേസ് മേക്കർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇതിന്‍റെ ഭാഗങ്ങളാണ് സുന്ദരന്‍റെ കാലിൽ തുളച്ചു കയറിയത്. ഉടനെ സുന്ദരനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വീട്ടിൽ വച്ചായിരുന്നു വിമല മരണപ്പെട്ടത്. പേസ് മേക്കർ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന വിവരം ആശുപത്രിയിലേക്ക് വിളിച്ചറിയിച്ചിരുന്നു എന്ന് കുടുംബം പറഞ്ഞു.