മെട്രൊ റെയിൽ നിർമാണം: കൊച്ചിയിലെ കുരുക്കഴിക്കാൻ സമിതി

ഗതാഗതക്കുരുക്ക്, കേബിളുകൾ നീക്കൽ, വൈദ്യുതി വിതരണ ക്രമീകരണം, റോഡിന് വീതി കൂട്ടൽ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണും
Kochi Metro Rail phase 2 Pink line construction in progres
കൊച്ചി മെട്രോ റെയിലിന്‍റെ രണ്ടാം ഘട്ടം നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
Updated on

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ നീട്ടുന്ന കൊച്ചി മെട്രൊ റെയിലിന്‍റെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ തടസങ്ങളും പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ സംയുക്ത സിമിതി രൂപീകരിച്ചു.

ഗതാഗതക്കുരുക്ക്, കേബിളുകൾ നീക്കൽ, വൈദ്യുതി വിതരണ ക്രമീകരണം, റോഡിന് വീതി കൂട്ടൽ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിനാണ് സമിതി. മൂന്ന് ദിവസം കൂടുമ്പോൾ കമ്മിറ്റി യോഗം ചേർന്ന് വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.

പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി, പൊലീസ്, തൃക്കാക്കര നഗരസഭാ സെക്രട്ടറി, ആർടിഒ, കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് എന്നിവരാണ് കമ്മിറ്റിയിലുള്ളത്. അതത് മേഖലയിലുള്ള കൗൺസിലർമാരുമായും ആശയവിനിമയം നടത്തണം. മെട്രൊ നിർമാണവുമായി ബന്ധപ്പെട്ട് പാലാരിവട്ടം-കാക്കനാട് റൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മുൻഗണന നൽകും.

റോഡിന് വീതികൂട്ടുന്നത് പുരോഗമിക്കുകയാണ്. ചെമ്പുമുക്ക്-കുന്നുംപുറം റോഡ്, സീ പോർട്ട്-എയർ പോർട്ട് റോഡിലെ ഡിഎൽഎഫിനു മുന്നിലെ റോഡ്, പാർക്ക് ഹോട്ടലിനു മുന്നിലെ തകർന്നു കിടക്കുന്ന റോഡിന്‍റെ അറ്റകുറ്റപ്പണി എന്നിവ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും. സീ പോർട്ട്-എയർപോർട്ട് റോഡിലെ രണ്ടര കിലോമീറ്റർ ഒക്ടോബർ 15 ന് പൂർത്തിയാക്കും. ഡിഎൽഫ് ഫ്ളാറ്റിനു മുന്നിലുള്ള റോഡ് ടാർ ചെയ്ത് രണ്ടാഴ്ചയ്ക്കകം തുറന്നു കൊടുക്കും. പ്രിയം മാർട്ടിനു മുന്നിലുള്ള തടസവും രണ്ടാഴ്ചയ്ക്കകം നീക്കും.

എല്ലാ കൈയേറ്റങ്ങളും അനധികൃത പാർക്കിംഗും ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കും. ഇതിനായി ആർടിഒ, നഗരസഭ, റവന്യൂ വകുപ്പ് എന്നിവർ സംയുക്ത പരിശോധന നടത്തും. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഇടറോഡുകളും സർവീസ് റോഡുകളും ഉപയോഗിക്കുന്നത് സംബന്ധിച്ച് പരിശോധിക്കും. ഇടറോഡുകളിൽ നിന്ന് നേരിട്ട് പ്രധാന റോഡിലേക്ക് കയറുന്നത് ഒഴിവാക്കി യുടേൺ നടപ്പാക്കുന്നതിനാണ് പോലീസിന്‍റെ ശ്രമം.

Trending

No stories found.

Latest News

No stories found.