കേരളത്തിലെ നീളമേറിയ പാലങ്ങളിലൊന്ന് പെരുമ്പളത്ത് യാഥാർഥ്യമാകുന്നു

നൂറുകോടി രൂപ മുതൽമുടക്കി നിർമിക്കുന്ന പാലത്തിന് ഒരു കിലോമീറ്ററിലധികം നീളം
പെരുമ്പളം പാലത്തിന്‍റെ ആർച്ച് ബീമുകളുടെ പണി പുരോഗമിക്കുന്നു.
പെരുമ്പളം പാലത്തിന്‍റെ ആർച്ച് ബീമുകളുടെ പണി പുരോഗമിക്കുന്നു.Metro Vaartha
Updated on

ആലപ്പുഴ: സംസ്ഥാന സർക്കാരിന്‍റെ സ്വപ്ന പദ്ധതികളിലൊന്നായ പെരുമ്പളം പാലം യാഥാർഥ്യമാകുന്നു. നിർമാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നാകുo പെരുമ്പളo പാലം. നൂറുകോടി രൂപ മുതൽമുടക്കി നിർമിക്കുന്ന പാലത്തിന് 1,140 മീറ്റർ ആണ് നീളം.

പാലത്തിന്‍റെ മധ്യഭാഗത്തെ ആർച്ച് ബീമുകളുടെ നിർമാണ ജോലികളാണ് പുരോഗമിക്കുന്നത്. പെരുമ്പളം ദ്വീപ് ജനതയുടെ ദീർഘകാല ആവശ്യങ്ങളിലൊന്നാകുo പെരുമ്പളം വടുതല ജെട്ടി പാലം. പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള ചെറിയ ദ്വീപിലേക്കാണ് ഈ പാലം നിർമിക്കുന്നത്. പെരുമ്പളം ദ്വീപ് പഞ്ചായത്തിനെ മറുകരയായ അരൂക്കുറ്റി പഞ്ചായത്തിലെ വടുതലയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. ഏഴുപത് ശതമാനം ജോലികളും ഇതിനോടകം പൂർത്തിയായി.

പാലത്തിന്‍റെ ആകെ സ്പാനുകൾ 30 ആണ്. മറ്റ് സ്‌പാനുകളിൽ നിന്ന് വ്യത്യസ്‌ത‌മായി മധ്യഭാഗത്തെ സ്പാനുകൾ തമ്മിലുള്ള ദൂരം 55 മീറ്ററാണ്. ഇത്രയും നീളം കൂടിയ സ്‌പാനുകൾ ഉപയോഗിക്കേണ്ടി വരുന്നത് കൊണ്ട് ആർച്ച് ബീമുകൾ ഉപയോഗിച്ചാണ് ഇവ ബലപ്പെടുത്തുന്നത്.

1,140 മീറ്റർ നീളമുള്ള പാലത്തിന്‍റെ ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയും ഉണ്ട്. ഇത് ഉൾപ്പെടെയാണ്11 മീറ്റർ വീതി. ആർച്ച് ബിം വരുന്നിടത്ത് 12 മീറ്റർ വീതിയാണ് ഉണ്ടാവുക. വടുതലയിലും പെരുമ്പളത്തും അപ്രോച്ച് റോഡിനായി ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ഭൂമി ഏറ്റെടുക്കലിനായി 4.86 കോടി രൂപ അനുവദിച്ചത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. 2021 ജനുവരിയിൽ നിർമാണം തുടങ്ങിയ പാലം 2024 ജനുവരിയിൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ആദ്യം തന്നെ പാലത്തിന്‍റെ ഉദ്ഘാടനമുണ്ടായേക്കും.പാലത്തിന്‍റെ നിർമാണപുരോഗതി വിലയിരുത്താൻ ദലീമ ജോജോ എംഎൽഎയും ഉദ്യോഗസ്ഥരും എത്തിയിരുന്നു. ആലപ്പുഴ എംപി ആരിഫും കഴിഞ്ഞദിവസം പാലം നിർമാണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com