'തുണ്ട് മോഡലിൽ' പൊലീസ് തൊണ്ടി പൊട്ടിച്ചു; ഉഗ്രസ്ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാട്

മൂക്കന്നൂർ ദേവഗിരിയിൽ പൊലീസും ഫയർഫോഴ്സും പിടിച്ചെടുത്ത അനധികൃത പടക്കങ്ങളും ഗുണ്ടുകളും പാറമടയിലിട്ട് പൊട്ടിച്ചു
'തുണ്ട് മോഡലിൽ' പൊലീസ് തൊണ്ടി പൊട്ടിച്ചു; ഉഗ്രസ്ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാട്
പൊലീസും ഫയർ ഫോഴ്സും ചേർന്ന് സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാൻ പാറമടയിൽ തടിച്ചുകൂടിയ നാട്ടുകാർ അധികൃതരുമായി സംസാരിക്കുന്നു.Metro Vaartha

സ്വന്തം ലേഖകൻ

അങ്കമാലി: ബിജു മേനോൻ നായകനായ തുണ്ട് എന്ന സിനിമ കണ്ടവർ ഓർക്കുന്നുണ്ടാവും, പൊലീസ് സ്റ്റേഷനിൽ തൊണ്ടുമുതലായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ സ്റ്റേഷൻ വളപ്പിൽ പൊട്ടിത്തെറിച്ചുണ്ടായ കോലാഹലങ്ങൾ. സമാനമായൊരു സംഭവമാണ് വെള്ളിയാഴ്ച അങ്കമാലിക്കടുത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മൂക്കന്നൂർ ദേവഗിരിയിൽ പൊലീസും ഫയർഫോഴ്സും പിടിച്ചെടുത്ത അനധികൃത പടക്കങ്ങളും ഗുണ്ടുകളും പാറമടയിലിട്ട് പൊട്ടിച്ചു. ഉഗ്ര സ്ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകളുണ്ടായി. മൂക്കന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പൂപ്ലിക്കുന്നിലുള്ള പാറമടയിലാണ് വെള്ളിയാഴ്ച രാവിലെ അങ്കമാലി പൊലീസും ഫയർഫോഴ്സും കൂടി സ്‌ഫോടനം നടത്തിയത്.

Police blast turns uncontrolled, houses damaged in Angamaly
തൊണ്ടിയായി പിടിച്ചെടുത്ത് സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ അധികൃതർ കണ്ടെത്തിയ ദേവഗരിയിലെ പാറമട.Metro Vaartha

കോടതി ഉത്തരവിനെത്തുടർന്നാണ് അധികൃതർ സമീപകാലത്ത് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ ദേവഗിരിയിലുള്ള പാറമടയിലെത്തിയത്. പൊലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും വൻസന്നാഹവും ഒപ്പമുണ്ടായിരുന്നു, കൂടെ ബോംബ് സ്ക്വാഡും. ദേവഗിരിയിലുള്ള അൽപ്പം വിജനമായ പ്രദേശത്തുള്ള പാറമടയാണ് ഇതിനായി പൊലീസ് തെരഞ്ഞെടുത്തത്.

പരീക്ഷണമെന്ന നിലയ്ക്ക് ആദ്യം ചെറിയ സ്ഫോടനം നടത്തിയപ്പോൾ കാര്യമായ പ്രശ്നമുണ്ടായില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ, തുടർന്നു നടത്തിയ വൻ സ്ഫോടനം പത്ത് കിലോമീറ്റർ ചുറ്റളവിൽ വലിയ പ്രകമ്പനമാണ് ഉണ്ടാക്കിയത്. പല വീടുകളും കാര്യമായി കുലുങ്ങുകയും തുറന്നു കിടന്ന ജനൽപാളികൾ ശക്തമായി വിറയ്ക്കുകയും ചെയ്തു. രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള നിരവധി വീടുൾക്ക് കേടുപാടുകൾ സംഭവിച്ചു.

മഞ്ഞിക്കാട് പൂണൂളി വർഗീസ്, ദേവഗിരി വരയക്കുളം കുര്യച്ചൻ തുടങ്ങിയവരുടെ വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മതിയായ മുന്നറിയിപ്പില്ലാത്ത നടപടി ആയിരുന്നതിനാൽ, ഭൂമി കുലുക്കമാണെന്നാണ് പലരും ആദ്യം കരുതിയത്. എന്നാൽ, സ്ഫോടനമാണെന്നു തിരിച്ചറിഞ്ഞതോടെ നാട്ടുകാർ രോഷാകുലരായി പാറമടയ്ക്കടുത്ത് തടിച്ചുകൂടി. തുടർന്നുള്ള പ്രവർത്തനങ്ങളിൽ നിന്നും പൊലീസിനെയും ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു.

Police blast turns uncontrolled, houses damaged in Angamaly
പൊലീസും ഫയർ ഫോഴ്സും ചേർന്ന് സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാൻ പാറമടയിൽ തടിച്ചുകൂടിയ നാട്ടുകാർ.Metro Vaartha

നാട്ടുകാർ ഉയർത്തിയ പ്രക്ഷോഭത്തെത്തുടർന്ന് ബെന്നി ബഹനാൻ എംപി, ആലുവ ഡിവൈഎസ്പി, തഹസിൽദാർ, എഡിഎം, വില്ലെജ് ഓഫിസർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. കേടുപാടുകൾ സംഭവിച്ച വീടുകളുടെ കണക്കെടുക്കാൻ വില്ലെജ് ഓഫിസർക്ക് ചുമതല നൽകിയിട്ടുണ്ട്. ഡിസാസ്റ്റർ മാനേജ്മെന്‍റ് ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം നൽകാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്.

വീടിന് കേടുപാട് സംഭവിച്ചിട്ടുള്ളവർ തിങ്കളാഴ്ചയ്ക്കകം മൂക്കന്നൂർ, തുറവൂർ വില്ലെജുകളിൽ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകണമെന്ന് പാറമട സ്ഥിതി ചെയ്യുന്ന മൂക്കന്നൂർ മൂന്നാം വാർഡിലെ മെംബർ പി.വി. മോഹനൻ മെട്രൊ വാർത്തയോടു പറഞ്ഞു.

Trending

No stories found.

Latest News

No stories found.