

സൈബർ തട്ടിപ്പ് തടയാൻ ഓപ്പറേഷൻ സൈ - ഹണ്ടുമായി പൊലീസ്
കോതമംഗലം: സൈബർ തട്ടിപ്പ് തടയാൻ ഓപ്പറേഷൻ സൈ - ഹണ്ടുമായി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ 43 പേരെ അറസ്റ്റ് ചെയ്തു. കോതമംഗലത്ത് നിന്നു മൂവാറ്റുപുഴയിൽ നിന്നും എട്ടു പേരെ അറസ്റ്റ് ചെയ്തു. ആലുവ, എടത്തല, പെരുമ്പാവൂർ എന്നിവിടങ്ങളിൽ 4 പേർ വീതവും, തടിയിട്ട പറമ്പ് 3 പേരെയും അറസ്റ്റ് ചെയ്തു.
മൊത്തം 102 ഇടങ്ങളിലായിരുന്നു പരിശോധന. മൂവാറ്റുപുഴയിൽ 36 ഇടങ്ങളിലും, കോതമംഗലത്ത് 21 ഇടങ്ങളിലും പരിശോധന നടത്തി. സംസ്ഥാനത്ത് വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾ തടയുക എന്ന ഉദേശത്തോടു കൂടിയാണ് പരിശോധന നടത്തിയത്.
തട്ടിപ്പ് പണം ചെക്ക് വഴി പിൻവലിച്ചവരെയും, എടിഎം കാർഡു വഴി പിൻവലിച്ചവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് കൊടുത്തവരെയും, വിൽപ്പന നടത്തിയവരെയും പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് സംഘടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധന രാത്രിയിലും നീണ്ടു. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ 5 സബ് ഡിവിഷനുകളിലായി മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കാളികളായി.
ബാങ്ക് അക്കൗണ്ടുകൾ എടുത്ത് വാടകയ്ക്ക് നൽകുന്നതും, വിൽക്കുന്നതും മറ്റൊരാൾക്ക് കൈകാര്യം ചെയ്യാൻ നൽകുന്നതും സൈബർ കുറ്റകൃത്യങ്ങൾക്ക് കാരണമാകും എന്നതിനാൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രത ഉണ്ടാകണമെന്ന് എസ്പി പറഞ്ഞു. ഡിസിആർബിഡി വൈഎസ്പി ഡോ. ആർ. ജോസ്, സൈബർ പൊലീസ് ഇൻസ്പെക്റ്റർ വി.ആർ ജഗദീഷ് എന്നിവർ പരിശോധനകൾ ഏകോപിപ്പിച്ചു.
ഓപ്പറേഷൻ സൈ - ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാൻ്റിൽ
കോതമംഗലം: ഓപ്പറേഷൻ സൈ - ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാൻ്റിൽ. കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്ത വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) നെയാണ് റിമാൻ്റ് ചെയ്തത്.
ഇയാളുടെ അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളിൽ നിന്നും 297,000 രൂപ വന്നിട്ടുണ്ട്. ഈ മ്യൂൾ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു. അന്വേഷണസംഘത്തിൽ ഇൻസ്പെക്റ്റർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.