
കോട്ടയം: ബൈക്ക് മോഷണ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വളവൻകോട്, ചെറുവള്ളൂർ, പനച്ചക്കാലപുത്തൻവീട് വീട്ടിൽ ലിബിൻ ജോൺ (32) എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ മാസം പത്താം തീയതി രാത്രി കാണക്കാരി മണ്ഡപംപടി ഭാഗത്ത് പ്രവർത്തിക്കുന്ന പവി ഏർത്ത് മൂവേഴ്സ് എന്ന സ്ഥാപനത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
ഈ സ്ഥാപനത്തിലെ തന്നെ ജീവനക്കാരനായ എറണാകുളം സ്വദേശി ഉപയോഗിക്കുന്ന ബൈക്കായിരുന്നു ഇയാൾ മോഷ്ടിച്ചത്. പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ കന്യാകുമാരിയിൽ നിന്നും പിടികൂടുകയുമായിരുന്നു.
ഇയാൾക്ക് എഴുകോൺ പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.ഐ തോമസ് കുട്ടി, എ.എസ്.ഐ മാരായ ഡി. അജി, ബൈജു, സി.പി.ഓ പ്രവീൺകുമാർ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.