14.5 കോടിയുടെ പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതി 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ്

പദ്ധതിയെക്കുറിച്ചുള്ള അവതരണവും പൊതുജനാഭിപ്രായ ശേഖരണവും പത്തടിപ്പാലം റസ്റ്റ് ഹൗസിൽ നടത്തി
Pottachal Thod flood prevention project will be completed within 18 months
പൊട്ടച്ചാൽ തോട് മന്ത്രി പി രാജീവ് സന്ദർശിക്കുന്നു
Updated on

കളമശേരി: കളമശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ - വെള്ളക്കെട്ട് സാധ്യതകൾ പൂർണ്ണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതി 18 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പദ്ധതി പ്രദേശം മന്ത്രി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്കൊപ്പം സന്ദർശിച്ചു. പദ്ധതിയെക്കുറിച്ചുള്ള അവതരണവും പൊതുജനാഭിപ്രായ ശേഖരണവും പത്തടിപ്പാലം റസ്റ്റ് ഹൗസിൽ നടത്തി.

കളമശേരി നഗരസഭയിലെ അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഇംപ്ളിമെന്റേഷൻ കമ്മിറ്റിയാണ് പദ്ധതിക്ക് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയത്. പൊട്ടച്ചാൽ തോടിന്റെ സമഗ്ര നവീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വർഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മന്ത്രി പി.രാജീവിന്റെ നിർദ്ദേശപ്രകാരം ജലവിഭവ വകുപ്പ് മാപ്പിംഗ് നടത്തിയാണ് പരിഹാര പദ്ധതി തയ്യാറാക്കിയത്. ബോക്സ് കൽവർട്ട് ഉപയോഗിച്ച് വീതി കൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. മഴക്കാലത്തെത്തുന്ന വെള്ളം മുഴുവൻ സുഗമമായി ഒഴുകിപ്പോകാൻ വഴിയൊരുക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകൽപനയെന്ന് ഇറിഗേഷൻ വകുപ്പ് നടത്തിയ അവതരണത്തിൽ വിശദമാക്കി. കൽവർട്ടും പുന:സ്ഥാപിക്കും. പ്രളയജലം നിൽക്കാൻ സാധ്യതയുള്ള ഉയർന്ന വിതാനം അടിസ്ഥാനമാക്കിയാണ് ബോക്സ് കൽവർട്ട് സ്ഥാപിക്കുക. കൈയ്യേറ്റം മൂലം തോടിന്റെ വീതി ഗണ്യമായി കുറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും നേരിയ നീർച്ചാലായി തോട് മാറി. വർഷകാലത്ത് ജലമൊഴുക്ക് താങ്ങാനുള്ള ശേഷിയില്ലാത്തതിനാൽ പെട്ടെന്ന് വെള്ളക്കെട്ടിന് കാരണമാവുകയും ചെയ്യുന്നതായി ജലവിഭവ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ജനവാസ മേഖലകളായ പൊട്ടച്ചാൽ, കുസാറ്റ് തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

1037 മീറ്റർ ദൈർഘ്യത്തിൽ തോടിന്റെ വീതി കൂട്ടും. മന്ത്രി തലത്തിൽ നിരവധി യോഗങ്ങൾ ചേർന്നാണ് പദ്ധതി അന്തിമമാക്കിയത്. പ്രദേശത്തിന്റെ ദീർഘകാലാവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

2.8 കോടിരൂപയുടെ എടയാറ്റുചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന 40 തോടുകളുടെ ആഴം കൂട്ടൽ, എക്കൽ നീക്കംചെയ്യൽ, കലുങ്കുകളുടെ നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾ ഉൾപ്പെടുന്ന 8 കോടി രൂപയുടെ പദ്ധതി എന്നിവയും പുരോഗമിക്കുകയാണ്. മണ്ഡലത്തിലെ പ്രധാന തോടുകളിലൊന്നായ നരണിത്തോട് ശുചീകരിക്കുന്ന 1.32 കോടി രൂപയുടെ പദ്ധതി നേരത്തെ പൂർത്തിയാക്കിയിരുന്നു. ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളും പൂർത്തിയാക്കി. കാർഷികാവശ്യത്തിനും വെള്ളക്കെട്ട് തടയുന്നതിനുമായി ഏറ്റവുമധികം തുക ചെലവഴിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കളമശേരിയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ, ഡി.പി.സി അംഗം ജമാൽ മണക്കാടൻ, നഗരസഭാംഗങ്ങളായ കെ.ടി മനോജ്, ഷാജഹാൻ കടപ്പള്ളി, സംഗീത രാജേഷ്, പ്രമോദ് കുമാർ, അമ്പിളി സ്വപ്നേഷ് തുടങ്ങിയവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.