ദേവാസുരം: ഒരേ ദിവസം അന്തകരും രക്ഷകരുമായി സ്വകാര്യ ബസുകൾ

ദേവാസുരം: ഒരേ ദിവസം അന്തകരും രക്ഷകരുമായി സ്വകാര്യ ബസുകൾ

എല്ലാ ബസ് ജീവനക്കാരും ഒരുപോലെയല്ല. അവർ റോഡിൽ രക്ഷകരും ആകാറുണ്ട്. അങ്ങനെ ബസ് ജീവനക്കാരുടെ രണ്ട് വിരുദ്ധ സ്വഭാവങ്ങൾക്ക് കൊച്ചി ഒരേ ദിവസം വേദിയായി

നഗര വീഥികൾ നിറഞ്ഞോടുന്ന സ്വകാര്യബസുകൾ പലപ്പോഴും കാൽനടക്കാർക്കും ഇതര വാഹനക്കാർക്കും ഭീഷണിയാകാറുണ്ട്. ബസുകൾ പലപ്പോഴും

ബസ് ബേകളിലല്ല നിർത്തുന്നതും. ഇതുമൂലം ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാകുന്നതും സാധാരണം. ഇതേത്തുടർന്ന് ചെറിയ വാഹനങ്ങളുടെ ഡ്രൈവർമാരും ബസ് ജീവനക്കാരും തമ്മിൽ കലഹങ്ങളും ഉണ്ടാകാറുണ്ട്. തുടർന്ന് ഉണ്ടാകുന്ന മത്സരിച്ചോട്ടം വൻ അപകടങ്ങൾക്കും കാരണമാകാറുണ്ട്. റോഡുകളിൽ പൊലിയുന്നവരുടെ കണക്കും പെരുകുകയാണ്. സ്കൂൾ കുട്ടികളെ ബസിൽ കയറാത്തതുമായി ബന്ധപ്പെട്ട കലഹങ്ങൾ വേറെ. ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാ ബസ് ജീവനക്കാരും ഒരുപോലെയല്ല. അവർ റോഡിൽ രക്ഷകരും ആകാറുണ്ട്. അങ്ങനെ ബസ് ജീവനക്കാരുടെ രണ്ട് വിരുദ്ധ സ്വഭാവങ്ങൾക്ക് കൊച്ചി നഗരം ഒരേ ദിവസം വേദിയായി.

യാത്രക്കിടയിൽ വീട്ടമ്മയ്ക്ക് അപസ്മാരം, ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മയെ ബസിൽ നിന്നും രാജഗിരി ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുന്നു.
യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മയെ ബസിൽ നിന്നും രാജഗിരി ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുന്നു.

കൊച്ചി: ബസ് യാത്രക്കിടയിൽ അപസ്മാരം അനുഭവപ്പെട്ട വീട്ടമ്മയെ അതിവേഗം ആശുപത്രിയിൽ എത്തിച്ച് സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും. കോതമംഗലം - ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന കോക്കാടൻസ് എന്ന സ്വകാര്യ ബസിലാണ് സംഭവം. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിനൊപ്പം യാത്രക്കാരും കൂടെ നിന്നതാണ് യാത്രക്കാരിക്ക് തുണയായത്.

കണ്ണമാലി പളളിയിലെ പെരുന്നാളിന് പങ്കെടുക്കാനായിരുന്നു കോതമംഗലം നെല്ലിമറ്റം സ്വദേശിനി ഭർത്താവിനൊപ്പം യാത്ര പുറപ്പെട്ടത്. കോതമംഗലം സ്റ്റാൻഡിൽനിന്നാണ് ഇരുവരും ബസിൽ കയറിയത്. ബസ് ചെമ്പറക്കിയിൽ എത്തിയപ്പോഴാണ് യാത്രികയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കണ്ടക്ടർ അനൂപ് വിവരം അറിയിച്ചതിനെ തുടർന്നു ഡ്രൈവർ ബേസിൽ ബസ് നേരെ രാജഗിരി ആശുപത്രിയിലേക്ക് വിട്ടു. ഗതാഗതക്കുരുക്ക് മറികടന്ന് ലൈറ്റ് തെളിച്ചും, ഹോൺ അടിച്ചും മിനിറ്റുകൾക്കകം രോഗിയുമായി ബസ് ആശുപത്രിയിലെത്തി.

ഇതിനകം ബസ് ഉടമ സുൽഫി വഴി രോഗിയെ സ്വീകരിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ രാജഗിരി ആശുപത്രിയിൽ ഒരുക്കിയിരുന്നു. ബസ് രാജഗിരി ആശുപത്രിയിൽ എത്തുമ്പോൾ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരും, നഴ്സുമാരും സജ്ജരായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിയെ തുടർന്ന് വിദ്ഗദ പരിശോധനക്കായി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ജോലിക്കിടയിൽ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നും, യാത്രക്കാരെല്ലാം പിന്തുണയുമായി കൂടെ ഉണ്ടായിരുന്നുവെന്നും ഡ്രൈവർ ബേസിൽ പറഞ്ഞു. സമയോചിത ഇടപെടൽ നടത്തിയ ബസ് ജീവനക്കാർക്ക് രോഗിയുടെ കുടുംബാംഗങ്ങളും യാത്രക്കാരും നന്ദി പറഞ്ഞു. ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ബസ് ജീവനക്കാർ സർവീസ് പുനരാരംഭിച്ചത്.

നടുറോഡിൽ ബസ് ഡ്രൈവറുടെ ഗുണ്ടായിസം

ഉദയംപേരൂരിൽ അപകടകരമായി ബസ് മുന്നോട്ടെടുത്തത് ചോദ്യം ചെയ്ത വഴിയാത്രക്കാരെ ബസിന്‍റെ ഡോറിൽ തൂങ്ങി നിന്ന് അസഭ്യം പറയുന്ന സ്വകാര്യ ബസ് ഡ്രൈവർ.
ഉദയംപേരൂരിൽ അപകടകരമായി ബസ് മുന്നോട്ടെടുത്തത് ചോദ്യം ചെയ്ത വഴിയാത്രക്കാരെ ബസിന്‍റെ ഡോറിൽ തൂങ്ങി നിന്ന് അസഭ്യം പറയുന്ന സ്വകാര്യ ബസ് ഡ്രൈവർ.

കൊച്ചി: ഹൈക്കോടതി ഉത്തരവിന് പോലും പുല്ലുവില കൽപ്പിച്ചാണ് നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. ചോദ്യം ചെയ്യുന്നവരെ തെറിയഭിഷേകം നടത്തിയും ഭീഷണി മുഴക്കിയുമാണ് ബസ് ജീവനക്കാർ പലപ്പോഴും നേരിടുന്നത്.

പൊലീസിനെ പോലും നോക്കുകുത്തിയാക്കിയാണ് ഇവർ പരസ്യമായി നിയമലംഘനം നടത്തുന്നത്. ഗുണ്ടാസംഘങ്ങളെ പോലെയാണ് ഇവർ ബസ് യാത്രക്കാരോടും റോഡിലെ മറ്റു യാത്രക്കാരോടും പെരുമാറുന്നത്. ഇന്നലെ ഉദയംപേരൂരിൽ എസ്എൻഡിപി സ്‌കൂളിന് മുന്നിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറെ ചോദ്യം ചെയ്തതിന്‍റെ പേരിൽ വഴിയാത്രക്കാരെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ നാട്ടുകാർ പരാതി നൽകി. ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ട സമയത്താണ് നഗരത്തിൽ സർവീസ് നടത്തുന്ന എൻപീസ് എന്ന സ്വകാര്യ ബസ് റോഡിനു നടുവിൽ നിർത്തി കുട്ടികളെ കയറ്റിയത്.

കുട്ടികൾ കയറി തീരും മുൻപ് തന്നെ അപകടകരമായ വിധത്തിൽ ഇയാൾ ബസ് എടുക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് കുട്ടികൾ ബസിനടിയിൽ പെടാതെ രക്ഷപ്പെട്ടത്.

ഇത് കണ്ടു നിന്ന വഴിയാത്രക്കാരും നാട്ടുകാരും ബഹളം കൂട്ടിയതോടെയാണ് ഇയാൾ ബസ് നിർത്തിയത്. നിർത്തിയ ശേഷം ബസിന്‍റെ എഞ്ചിൻ പോലും ഓഫാക്കാതെ ഡ്രൈവർ സീറ്റിൽ നിന്ന് ഡോർ തുറന്ന് പുറത്തേക്ക് എഴുനേറ്റ് നിന്ന് നാട്ടുകാർക്ക് നേരെ കൊലവിളി നടത്തുകയായിരുന്നു. ഇയാൾ നാട്ടുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകിയത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com