സിപിഎം നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം; പൊലീസ് സ്റ്റേഷനിലേക്ക് ആക്ഷൻ കൗൺസിൽ മാർച്ച്

പ്രതിഷേധ യോഗം സിപിഎം ജില്ലാ സെക്രട്ടറി സതീഷ് ഉദ്ഘാടനം ചെയ്‌തു
When water cannons were deployed during the march to the Kothamangalam Police Station, led by the Action Council

ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ നടന്ന കോതമംഗലം പൊലീസ് സ്റ്റേഷൻ മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചപ്പോൾ

Updated on: 

കോതമംഗലം: സിപിഎം നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം ടി.എം. അബ്ദുൾ അസീസിനെ അക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സമരക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഎം ജില്ലാ സെക്രട്ടറി സതീഷ് ഉദ്ഘാടനം ചെയ്‌തു. ആക്രമണം നടന്ന് ഒൻപത് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. 2026 ഫെബ്രുവരി ഏഴിനാണ് ആക്രമണം നടന്നത്.

ആശുപത്രിവാസം കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്നയാളെ സന്ദർശിച്ച് മടങ്ങുമ്പോൾ പ്രതികൾ മേതല പള്ളിപടിക്ക് സമീപം റോഡിൽ വടം വലിച്ച് കെട്ടി വീഴ്ത്തി അബ്‌ദുൾ അസീസിനെ മർദിക്കുകയായിരുന്നു. ഇടതുമുന്നണി ഭരണക്കാലത്ത് നടന്ന സംഭവത്തിൽ വിവിധ കോടതികളിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും പ്രതികൾ ഒളിവിൽ പോവുകയും ചെയ്തതിനാൽ അറസ്റ്റ് നടന്നില്ല. ഭരണമാറ്റം വന്നതിന് ശേഷവും മുൻകൂർ ജാമ്യം ലഭിക്കാതിരുന്നിട്ടും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിസാര വകുപ്പുകൾ ചേർത്ത് കേസിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.

നേതാക്കളായ ആർ. അനിൽകുമാർ, മുൻ എംഎൽഎ ആന്‍റണി ജോൺ, കെ.എ. ജോയി, സി.പി. മുഹമ്മദ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.