
നഫീസത്ത് മിസ്രിയ
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറയിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. അച്ഛനൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ മറിഞ്ഞ് കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
തുടർന്ന് ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ കുട്ടി മരിക്കുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ വേഗത കുറച്ചതോടെ പിന്നിലുണ്ടായിരുന്ന സ്കൂട്ടര്‍ ഓട്ടോയിൽ ഇടിച്ച് മറിയുകയായിരുന്നു.
ഇതോടെ തൊട്ടുപിന്നാലെയെത്തിയ സ്വകാര്യ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. റോഡിലെ കുഴികളും ബസിന്‍റെ മരണപ്പാച്ചിലുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.