

കോട്ടപ്പാറ വനത്തിൽ വിസ്മയമായി മഴവിൽ മരം!
കോതമംഗലം: മകരത്തിലെ മഞ്ഞുകാലത്ത് മഴവിൽ അഴകുമായി ഒരു മരം... കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനത്തിൽ വർണ്ണങ്ങൾ വാരി വിതറി ഒരു ചിത്രം പോലെ നിൽക്കുന്ന മരം കാണികൾക്ക് അത്ഭുത കാഴ്ചയാണ് സമ്മാനിക്കുന്നത്. യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റ ഇനത്തിൽപെട്ടതാണ് ഈ അപൂർവ മരം. കോട്ടപ്പടി, വടക്കുംഭാഗത്തു നിന്ന് മൂന്നു കിലോമീറ്റർ മാറി വനാന്തരത്തിൽ കോട്ടപ്പാറ ധർമശാസ്താക്ഷേത്രത്തിനു സമീപത്താണ് അപൂർവ മരം നിലകൊള്ളുന്നത്.
യൂക്കാലി വർഗത്തിൽപ്പെട്ട ഈ മരത്തിന് 30 വർഷത്തെ പഴക്കമുണ്ട്. കാലഭേദങ്ങൾക്ക് അനുസരിച്ച് നിറങ്ങൾ മാറുന്നത് ഈ മരത്തിന്‍റെ പ്രത്യേകതയാണ്. മരം കാണാൻ വരുന്നവരിൽ ചിലർ മരത്തിൽ പേര് കോറിയിടാനും മറ്റും തുടങ്ങിയതോടെ സംരക്ഷണത്തിനായി ചുറ്റും ഇരുമ്പുവേലി തീർത്തിട്ടുണ്ട്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മേൽനോട്ടത്തിൽ ബ്രസീലിൽനിന്ന് കൊണ്ടുവന്ന് സംരക്ഷിച്ചുവരുന്ന മരമാണിത്. പ്രദേശവാസിയും വനം വാച്ചറുമായിരുന്ന കല്ലമ്പിള്ളി തങ്കച്ചനാണ് മരം നട്ടുപിടിപ്പിച്ചതും വർഷങ്ങളായി സംരക്ഷണം നൽകിയതും. ഉദ്ദേശം 60 അടിയോളം ഉയരമുള്ള മരത്തിന് 80 ഇഞ്ച് വണ്ണമുണ്ട്.
ഒരു നിറത്തിലുള്ള തൊലി പൊളിഞ്ഞുതുടങ്ങുമ്പോൾ മറ്റൊരു നിറം തൊലിയിൽ തെളിഞ്ഞു വരും. തടിയിലെ പോലെ ശിഖരത്തിലും ഏഴഴക് കാണാവുന്നതാണ്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് മരം കൂടുതൽ പ്രശോഭിതമാകുന്നത്. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായതുകൊണ്ട് നിരോധിത മേഖലയാണ്. വനം അധികാരികളുടെ അനുമതിയോടെയേ ഇവിടേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ.