

പ്ലൈവുഡ് കമ്പനിക്കായി മണ്ണിടിക്കുന്നത് പരിശോധിക്കുന്ന പല്ലാരിമംഗലം വില്ലെജ് ഓഫിസ് അധികൃതർ.
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലെജ് ഓഫിസർ തടഞ്ഞു.
പ്ലൈവുഡ് കമ്പനികൾക്കെതിരേ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്നാണ് നടപടി. പല്ലാരിമംഗലം വില്ലെജ് ഓഫിസർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മണ്ണെടുക്കുന്നതിനുള്ള മൈനിങ് ജിയോളജി വകുപ്പിന്‍റെ അനുമതി ഇല്ലെന്നു വ്യക്തമായി. അതിനാൽ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽക്കുകയുമായിരുന്നു.
ഇതിനു പുറമേ, എറണാകുളം ജില്ലയിൽ റെഡ് അലെർട്ട് നിലനിൽക്കുമ്പോൾ നിയമം ലംഘിച്ച് മണ്ണെടുപ്പ് നടത്തിയതും ചട്ടവിരുദ്ധമാണ്. ജനകീയ സമിതി ചെയർമാൻ എം.എസ്. അബുലൈസ്, കൺവീനർ മൈതീൻ കൊച്ചുകുടി തുടങ്ങിയവർ വില്ലെജ് ഓഫിസർക്ക് രേഖാമൂലം പരാതിയും നൽകി.