Puffs, representative image
Puffs, representative image

പഫ്സിൽ നിന്ന് ഭക്ഷ്യ വിഷബാധ: ബേക്കറി ഉടമ അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ.എന്‍. ഭാസ്‌കരനെതിരെയായിരുന്നു പരാതി
Published on

കൊച്ചി: പഫ്‌സ് കഴിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ബേക്കറി ഉടമ 50,000 രൂപ നഷ്ടപരിഹാരം നല്‍കണം. എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടേതാണ് ഉത്തരവ്. എറണാകുളം, മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥന്‍, നിധി എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 30 ദിവസത്തിനകം അരലക്ഷം രൂപ പരാതിക്കാര്‍ക്ക് നല്‍കാനാണ് കോടതി പറഞ്ഞിരിക്കുന്നത്.

മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ.എന്‍. ഭാസ്‌കരനെതിരെയായിരുന്നു പരാതി. 2019 ജനുവരി 26 നാണ് പരാതിക്കാര്‍ ബേക്കറിയില്‍ നിന്ന് പഫ്‌സ് ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ കഴിച്ചത്. തുടര്‍ന്ന് വയറു വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ പരാതിയും നല്‍കി. ഉദ്യോഗസ്ഥര്‍ ബേക്കറി പരിശോധിക്കുകയും പിഴ ചുമത്തുകയും ചെയ്തു.

ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങള്‍ എതിര്‍ കക്ഷി നല്‍കിയതിലൂടെ പരാതിക്കാര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മനഃക്ലേശത്തിനും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. ഡി. ബി. ബിനു അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് ഉത്തരവ്.

logo
Metro Vaartha
www.metrovaartha.com