

കാലിക്കറ്റ് യൂണിവേഴ്സിറ്റി.
വേലായുധൻ പി. മൂന്നിയൂർ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വരും വർഷങ്ങളിൽ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുമെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച റിട്ടേണിങ് ഓഫിസറെയും മറ്റ് ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതിനു ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന സംഘർഷം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്ര സമ്പ്രദായത്തിലേക്കു മാറാൻ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്റ്ററുമായി ചർച്ച നടത്തി ആവശ്യമായ സഹായം തേടും.
ഇനി മുതൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്തി വൈകിട്ട് 5 മണിക്കു മുൻപേ ഫലം പ്രഖ്യാപിക്കുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് ക്രമീകരിക്കും. തെരഞ്ഞെടുപ്പ് ഫലം വൈകുന്തോറും സംഘർഷ സാധ്യത ഏറുന്ന പശ്ചാത്തലത്തിലാണ് ക്രമീകരണം. ബാലറ്റ് പേപ്പറിൽ പേര്എഴുതുന്നതിനൊപ്പം റോൾ നമ്പർ രേഖപ്പെടുത്തന്നതിന് തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യും. ഒരു ദിവസം തെരഞ്ഞെടുപ്പ് നടത്തി സ്ട്രോങ് റൂമിൽ സൂഷിച്ച് അടുത്ത ദിവസം ഫലം പ്രഖാപിക്കുന്ന രീതിയും പരിഗണിക്കും.
വോട്ടുകൾ സൂക്ഷിക്കാൻ ആവശ്യമെങ്കിൽ പൊലീസി ന്‍റെ സഹായം തേടാം. പാർലമെന്‍ററി മോഡലിലേക്ക് തെരത്തെടുപ്പിൽ മാറ്റം കൊണ്ടുവരുന്നത് പരിഗണിക്കാവുന്ന നിർദേശമാണെന്നും ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്ക് മറുപടിയായി വിസി പറ ഞ്ഞു.
രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്‌റ്റ്യൻ അധ്യക്ഷനായിരുന്നു. റിട്ടേണിങ്ങ് ഓഫിസർ പ്രൊഫ്. മുഹമ്മദലി സ്വാഗതം പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് പിവിസി ഡോ. റഷീദ് അഹമ്മദ് പറഞ്ഞു.