ശബരി പാതയ്ക്ക് സ്ഥലം വിട്ടുനൽകിയവർ വീണ്ടും പ്രതീക്ഷയിൽ

പാതയ്ക്കായി അലൈൻമെന്‍റ് നിശ്ചയിച്ചതോടെ ഭൂമി വിൽക്കാനോ ബാങ്കിൽ പണയപ്പെടുത്താനോ പഴകിയ വീടുകളുടെ അറ്റകുറ്റപ്പണി നടത്താനോ ഒന്നും സാധിക്കാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇവിടെയുള്ളവർ.

മൂവാറ്റുപുഴ: ശബരി റെയ്ൽ പാത പദ്ധതിക്കു കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ, പദ്ധതി നിർമാണത്തിനു സ്ഥലം വിട്ടു നൽകിയ നൂറുകണക്കിനു കുടുംബങ്ങൾ വീണ്ടും പ്രതീക്ഷയിൽ. പദ്ധതി പ്രഖ്യാപനം പാഴ്‌വാക്കായി മാറരുതെന്ന പ്രാർഥനയാണ് മൂവാറ്റുപുഴ കിഴക്കേക്കര അടക്കമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക്.

രണ്ട് പതിറ്റാണ്ടു മുൻപ് ഏറെ പ്രതീക്ഷയോടെ റെയ്ൽ പാതയ്ക്കു വേണ്ടി സ്ഥലം വിട്ടുനൽകിയ നിരവധി കുടുംബങ്ങളാണുള്ളത്. മൂവാറ്റുപുഴയിൽ റെയ്ൽവേ സ്റ്റേഷനായി സ്ഥലം കണ്ടെത്തിയത് കിഴക്കേക്കര മേഖലയിലാണ്. ഇവിടെ മാത്രം നാൽപ്പതിലധികം കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുത്ത് കല്ലിട്ടു പോയിരുന്നു.

എല്ലാ വർഷവും ബജറ്റ് പ്രഖ്യാപനങ്ങൾ വരുന്നതല്ലാതെ പദ്ധതി മുന്നോട്ടു നീങ്ങിയില്ല. കാൽ നൂറ്റാണ്ട് മുമ്പ് പദ്ധതി ആരംഭിച്ചപ്പോൾ മുതൽ പലരുടെയും ജീവിതം തന്നെ ദുരിതത്തിലായി. ദുരിതം അവസാനിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ പുനർജനിച്ചിരിക്കുന്നത്.

പാതയ്ക്കായി അലൈൻമെന്‍റ് നിശ്ചയിച്ചതോടെ ഭൂമി വിൽക്കാനോ ബാങ്കിൽ പണയപ്പെടുത്താനോ പഴകിയ വീടുകളുടെ അറ്റകുറ്റപ്പണി നടത്താനോ ഒന്നും സാധിക്കാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇവിടെയുള്ളവർ. ഇതിൽ നിന്നു രക്ഷപെടാൻ മനുഷ്യാവകാശ കമ്മീഷനു വരെ പരാതികൾ പോയി. അങ്കമാലിയിൽ ആരംഭിക്കുന്ന ശബരി റെയ്ൽ പാതയിൽ മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ വില്ലെജ് വരെയുള്ള സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് തയാറായിക്കഴിഞ്ഞിട്ടുണ്ട്. ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിലാകെ ആറ് റെയ്ൽവേ സ്റ്റേഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്.

കോട്ടയം ജില്ലയിൽ പുതിയ അലൈൻമെന്‍റ് സർവേ പൂർത്തിയായിക്കഴിഞ്ഞു. അങ്കമാലി മുതൽ പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, എരുമേലി വരെ 115 കിലോമീറ്ററാണ് പാതയുടെ നീളം. പദ്ധതിക്കായി ഇനി ഏറ്റെടുക്കാനുള്ളത് 107 കിലോമീറ്റർ ദൂരത്തിലുള്ള ഭൂമിയാണ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com