ശബരിമല സുരക്ഷിത തീർഥാടനം; പട്ടിത്താനം-മണർകാട് ബൈപ്പാസിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ 99 ലക്ഷം അനുവദിക്കും; മന്ത്രി വി.എൻ വാസവൻ

സുരക്ഷയുടെ ഭാഗമായി നവംബർ 15 മുതൽ ഏറ്റുമാനൂരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റും കൺട്രോൾ റൂമും തുറക്കും
ശബരിമല സുരക്ഷിത തീർഥാടനം; പട്ടിത്താനം-മണർകാട് ബൈപ്പാസിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ 99 ലക്ഷം അനുവദിക്കും; മന്ത്രി വി.എൻ വാസവൻ

കോട്ടയം: പട്ടിത്താനം-മണർകാട് ബൈപ്പാസിൽ 1.8 കിലോമീറ്റർ ദൂരത്തിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 99 ലക്ഷം രൂപ സർക്കാർ അനുവദിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ. റോഡ് സേഫ്റ്റി അഥോറിറ്റി മുഖേനയാണ് പദ്ധതി നടപ്പാക്കുക. സുരക്ഷിതവും സുഗമവുമായ ശബരിമല തീർഥാടനം സാധ്യമാക്കാൻ വകുപ്പുകൾ സജ്ജമായതായും മന്ത്രി പറഞ്ഞു.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഇടത്താവളത്തിലെ മുന്നൊരുക്കം വിലയിരുത്താനായി ഏറ്റുമാനൂർ ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ കൂടിയ അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ശബരിമല തീർഥാടനം സുഗമമാക്കാനും തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും വിവിധ വകുപ്പുകൾ കൂട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. സുരക്ഷയുടെ ഭാഗമായി നവംബർ 15 മുതൽ ഏറ്റുമാനൂരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റും കൺട്രോൾ റൂമും തുറക്കും. നിരീക്ഷണ കാമറകളും ക്ലോസ്ഡ് സർക്യൂട്ട് ടി.വികളും വഴി നിരീക്ഷണം ശക്തമാക്കും. ടാക്‌സി വാഹനങ്ങളുടെ നിരക്ക് പ്രസിദ്ധീകരിക്കാൻ ആർ.ഡി.ഒ.യ്ക്ക് നിർദേശം നൽകി. റവന്യൂ വകുപ്പിന്റെ കൺട്രോൾ റൂമും ആരംഭിക്കും. ഓടകൾ അടിയന്തരമായി വൃത്തിയാക്കാനും ജലമൊഴുക്ക് സുഗമമാക്കാനും നടപടി സ്വീകരിക്കാൻ നഗരസഭയ്ക്ക് മന്ത്രി നിർദേശം നൽകി.

ഹരിത കർമ സേനാംഗങ്ങൾക്ക് പുറമെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ ഈ കാലയളവിൽ നിയോഗിക്കാൻ നഗരസഭയോട് നിർദേശിച്ചു. ശുദ്ധജലം, സാനിട്ടേഷൻ സൗകര്യങ്ങൾ, ഇൻഫർമേഷൻ സെന്ററുകൾ, പാർക്കിങ് സൗകര്യം എന്നിവ ഒരുക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും. മെഡിക്കൽ കോളെജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കും. കുടിവെള്ള സ്രോതസിന്റെ പരിശോധന, സാനിറ്റേഷൻ, ക്ലോറിനേഷൻ എന്നിവ ആരോഗ്യവകുപ്പും ജല അഥോറിറ്റിയും ചേർന്ന് നടപ്പാക്കും. ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി സുഖകരമായ ക്ഷേത്രദർശനത്തിന് സൗകര്യമൊരുക്കാൻ പൊലീസിനെയും ദേവസ്വം ബോർഡിനെയും ചുമതലപ്പെടുത്തി. ക്ഷേത്രത്തിന് സമീപമുള്ള ദേവസ്വം ബോർഡിന്റെയും നഗരസഭയുടെയും ഉടമസ്ഥതയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കാൻ മന്ത്രി നിർദേശിച്ചു. ആവശ്യമായ വെളിച്ചസംവിധാനം നഗരസഭയും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കും. ക്ഷേത്രക്കുളത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ടീമിനെയും ഉദ്യോഗസ്ഥരെയും നിയോഗിക്കും.

ജില്ലാ സപ്ലൈ ഓഫീസിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡിനെ പരിശോധനയ്ക്ക് നിയോഗിക്കും. മൊബൈൽ ഭക്ഷ്യപരിശോധന ലാബ് ഉപയോഗിച്ച് ഗുണനിലവാര പരിശോധനകൾ നടത്തും. കുടിവെള്ളത്തിന്റെ ഗുണനിലവാരവും നിരന്തരം പരിശോധിക്കും. തീർഥാടകർക്കായി 34 ടോയ്ലറ്റുകൾ, 13 യൂറിൻ ഷെഡുകൾ,19 ബാത്ത് റൂം എന്നിവ ദേവസ്വം ബോർഡ് ഒരുക്കും. കൈലാസ് ഓഡിറ്റോറിയത്തിൽ ബാത്ത്‌റൂം നിർമിക്കുന്നതിന് നടപടി സ്വീകരിക്കാൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ വടക്കേനടയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് എം.എൽ.എ ഫണ്ടിൽനിന്ന് പണം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിനായി എക്സൈസ് പരിശോധനകൾ നടത്തും. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. തീർഥാടകർക്കായി വിവിധ ഭാഷകളിലുള്ള സൂചന ബോർഡുകൾ സ്ഥാപിക്കും. താൽക്കാലിക സ്റ്റാളുകൾ അനുവദിക്കുമ്പോൾ ഇവിടെനിന്നുള്ള മാലിന്യം നിർമാർജനം ചെയ്യുന്നതിന്റെ പൂർണ ഉത്തരവാദിത്തം സ്റ്റാൾ നടത്തിപ്പുകാർക്ക് നൽകി കരാറിൽ ഉൾപ്പെടുത്തണമെന്ന് ജില്ലാ കലക്റ്റർ വി. വിഗ്‌നേശ്വരി നിർദേശം നൽകി.

യോഗത്തിൽ തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ കലക്റ്റർ വി. വിഗ്‌നേശ്വരി, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമൽകുമാർ, ആർ.ഡി.ഒ വിനോദ് രാജ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ മുരാരി ബാബു, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ക്ഷേത്രോപദേശക സമിതിയംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com