ചേരി നിവാസികള്‍ക്കായുള്ള ഭവന പദ്ധതിയിലും തട്ടിപ്പ്

പുനരധിവാസ പദ്ധതിയിലെ അഴിമതി; അന്വേഷണം തുടങ്ങി

ജിബി സദാശിവന്‍

കൊച്ചി: രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതി പ്രകാരം ചേരി നിവാസികളെ പുനരധിവസിപ്പിക്കാനായി കൊച്ചി നഗരസഭ തുരുത്തിയില്‍ ആരംഭിച്ച അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സ് നിര്‍മാണത്തില്‍ അടിമുടി തട്ടിപ്പെന്ന് ആരോപണം. ഭവന പദ്ധതിയിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെയാണ് പദ്ധതിക്ക് പിന്നില്‍ നടന്ന കൂടുതൽ ക്രമക്കേട് പുറത്തുവന്നത്. അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സിലെ 300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു യൂണിറ്റിന് 19.5 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ് വന്നിരിക്കുന്നത്. എന്നാല്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിക്കുന്ന 500 ചതുരശ്ര അടി വീടിനു നിര്‍മാണ ചെലവ് 4 ലക്ഷം രൂപ മാത്രമാണ്.

ഭവന പദ്ധതി നിര്‍മാണത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. നിര്‍മാണത്തിനായി ആവശ്യമായതില്‍ കൂടൂതല്‍ ചെലവഴിച്ചു എന്ന പരാതിയിലാണ് കോടതി ഉത്തരവ്. പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലതാമസം വരുത്തിയതും അഴിമതിക്ക് കളമൊരുക്കാനാണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

2014 ഒക്റ്റോബറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇന്ന് വരെ പദ്ധതി യാഥാര്‍ഥ്യമായിട്ടില്ല. സ്വന്തമായി തല ചായ്ക്കാനൊരിടമില്ലാതെ അനേകര്‍ കാത്തിരിക്കുമ്പോഴും ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. അടുത്ത മാസം നിര്‍മാണം പൂര്‍ത്തിയാകുമെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും ഇതിനു മുന്‍പ് പലതവണ ഈ വാഗ്ദാനങ്ങള്‍ കേട്ടിട്ടുള്ളതിനാല്‍ ഇത് വിശ്വസിക്കാന്‍ ജനങ്ങള്‍ തയാറല്ല.

രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം 18 കോടിയും കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് നല്‍കിയ 21 കോടി രൂപയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 300 ചതുരശ്ര അടിയുടെ 198 യൂണിറ്റുകളാണ് അപ്പാര്‍ട്ട്മെന്‍റില്‍ ഉണ്ടാവുക. 2016 ല്‍ എസ്റ്റിമേറ്റ് എടുക്കുമ്പോള്‍ ആകെ 14 കോടിരൂപയ്ക്കാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. 2017 ല്‍ ഇത് 18 കോടിയായി ഉയര്‍ത്തി.

2019 -20 കാലത്ത് നടന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഈ പദ്ധതിയില്‍ അസാധാരണമായത് പലതും നടന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചതിലൂടെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന നയത്തിന് തന്നെ നഗരസഭ തുരങ്കം വച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.2016 മുതല്‍ ലൈഫ് മിഷന്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ഒരു വീട് നിര്‍മിക്കുന്നതിനായി 4 ലക്ഷം രൂപയാണ് ലൈഫ് മിഷന്‍ അനുവദിക്കുന്നത്. ഇങ്ങനെ കണക്കാക്കിയാല്‍ 975 യൂണിറ്റുകള്‍ പൂര്‍ത്തിയാക്കിയാല്‍ 39 കോടി രൂപയെ ചെലവ് വരികയുള്ളു.

അന്വേഷണത്തെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ മേയര്‍ എം. അനില്‍കുമാര്‍ വിസമ്മതിച്ചു. എന്നാല്‍ ഇടതു മുന്നണി അധികാരത്തിലേറിയ ശേഷമാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചതെന്നാണ് മേയറുടെ നിലപാട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com