
എച്ച്എംടി ഭൂമി കൈമാറിയതോടെ നാലാഴ്ചയ്ക്കുള്ളിൽ പണി പുനരാരംഭിക്കാം.
ഫയൽ
കൊച്ചി: രണ്ടു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന സീപോർട്ട്-എയർപോർട്ട് റോഡിന്‍റെ രണ്ടാം ഘട്ട വികസനത്തിന് വഴി തെളിഞ്ഞു. പദ്ധതിക്കു തടസമായിരുന്ന കളമശേരിയിലെ എച്ച്എംടി ഭൂമി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോർപ്പറേഷൻ ഓഫ് കേരളയ്ക്ക് (RBDCK) കൈമാറിയതോടെയാണ് നിർമാണം പുനരാരംഭിക്കാൻ കളമൊരുങ്ങിയത്.
ഇരുമ്പനത്തു നിന്ന് നെടുമ്പാശേരി വരെ 25.7 കിലോമീറ്റർ ദൈർഘ്യമുള്ള സീപോർട്ട്-എയർപോർട്ട് റോഡ് വികസനം രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ഇരുമ്പനം മുതൽ കളമശേരി വരെയുള്ള 11.3 കിലോമീറ്റർ ദൂരമാണ് ഒന്നാം ഘട്ടംം. ഇതിന്‍റെ നിർമാണം 2003ൽ തന്നെ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടം നിർമാണത്തിനു പ്രധാന തടസങ്ങളായ നാവിക ആർമമെന്‍റ് ഡിപ്പോയുടെ (NAD) ഭൂമിയും എച്ച്എംടി ഭൂമിയും ഇപ്പോൾ RBDCKയുടെ കൈവശമായി.
NAD-യുടെ 2.4967 ഹെക്റ്റർ ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാന സർക്കാർ ഏതാനും മാസം മുമ്പ് 32.26 കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഏറ്റെടുത്തുകഴിഞ്ഞു. എച്ച്എംടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കു കാരണമായ 1.6352 ഹെക്റ്റർ ഭൂമിയും ഇപ്പോൾ RBDCKയ്ക്ക് കൈമാറിക്കഴിഞ്ഞു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായി 37.91 കോടി രൂപ ദേശീയ ബാങ്കിൽ നിക്ഷേപിക്കേണ്ടതുണ്ട്. ഇതിനായി നേരത്തെ തഹസിൽദാരുടെ അക്കൗണ്ടിലുണ്ടായിരുന്ന 18.75 കോടി രൂപയ്ക്ക് പുറമെ 19.39 കോടി രൂപ സംസ്ഥാനം അനുവദിച്ചിരുന്നു.
പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രധാന തടസങ്ങൾ നീങ്ങിയതോടെ നാലാഴ്ചക്കുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് RBDCK ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
രണ്ടാം ഘട്ടത്തിലെ ആദ്യ ഭാഗമായ എച്ച്എംടി - എൻഎഡി ജംഗ്ഷൻ വരെയുള്ള ഏകദേശം 2 കിലോമീറ്റർ റോഡിനാണ് എച്ച്എംടിയുടെ ഭൂമി പ്രധാനമായും ആവശ്യം. എച്ച്എംടി ഭാഗത്തെ റോഡ് 600 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമാണ് നിർമിക്കുക.
എച്ച്എംടി - എൻഎഡി ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾക്കായി നേരത്തെ 17.31 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും, ഇതിന്‍റെ പരിഷ്കരിച്ച എസ്റ്റിമേറ്റ് (22.4 കോടി രൂപ) അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. അംഗീകാരം ലഭിച്ചാൽ ഉടൻ പണി തുടങ്ങും.
പദ്ധതിയുടെ യഥാർഥ രൂപരേഖയിൽ ഇല്ലാതിരുന്ന തോഷിബ ജംഗ്ഷനിലെ അണ്ടർപാസ് നിർമിക്കുന്ന കാര്യവും ഇപ്പോൾ പരിഗണനയിലുണ്ട്. ഇവിടെ ഫ്ലൈഓവറോ അണ്ടർപാസോ നിർമിക്കാൻ ആലോചിച്ചിരുന്നുവെങ്കിലും അണ്ടർപാസാണ് കൂടുതൽ പ്രായോഗികമെന്നാണ് വിലയിരുത്തൽ. ഈ ഭാഗത്തുള്ള പൈപ്പ് ലൈനുകൾ സംബന്ധിച്ച് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
6.5 കിലോമീറ്റർ ദൈർഘ്യമുള്ള NAD മുതൽ മഹിളാലയം വരെയുള്ള ഭാഗത്തെ നിർമാണം ഡിസംബറിൽ ആരംഭിക്കാനാണ് പദ്ധതി. ഈ ഭാഗത്തെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കി ഡിസംബറിൽ തന്നെ ടെൻഡർ ക്ഷണിക്കാനും അധികൃതർ ലക്ഷ്യമിടുന്നു. ഇതിനായി കിഫ്ബി 569.34 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അതേസമയം, ചോറ്റാനിക്കര മുതൽ വിമാനത്താവളം വരെയുള്ള 4.15 കിലോമീറ്റർ ദൂരത്തെ സ്ഥലമെടുപ്പ് നടപടികൾക്ക് ഇതുവരെ സർക്കാർ അനുമതി ലഭിച്ചിട്ടില്ല. കേന്ദ്രത്തിന്‍റെ അങ്കമാലി-കുണ്ടന്നൂർ ബൈപാസ് പദ്ധതിയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടിയാണ് സീപോർട്ട്-എയർപോർട്ട് റോഡ് കടന്നുപോകുന്നത്.