
പേവിഷ ബാധ സ്ഥിരീകരിച്ച ആടുകളെ ഇഞ്ചക്ഷൻ നൽകി കൊന്നു
ആലുവ: തോട്ടക്കാട്ടുകരയിൽ നായയുടെ കടിയേറ്റതിനു പിന്നാലെ പേ വിഷബാധയേറ്റ മൂന്ന് ആടുകളെ വെറ്ററിനറി വിഭാഗം ഡോക്റ്റർമാർ ഇഞ്ചക്ഷൻ നൽകി കൊന്നു. ദേശം കടവ്, മണപ്പുറം ഭാഗങ്ങളിലെ വീടുകളിൽ വളർത്തുന്ന മൂന്ന് ആടുകൾക്കാണ് പേവിഷബാധയേറ്റത്. ആടുകൾ അക്രമാസക്തരായത്തോടെ ഉടമകൾ ഇവയെ കെട്ടിയിടുകയായിരുന്നു.
പിന്നീട് മൃഗാശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആടുകൾക്ക് പേവിഷബാധ സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ഉടമയുടെ സമ്മതപ്രകാരം ആടുകളെ ഇഞ്ചക്ഷൻ നൽകി കൊല്ലുകയായിരുന്നു. പേവിഷബാധയേറ്റ ആടുകൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ആടുകൾക്കും പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നുണ്ട്.
ഇവയെ രണ്ടാഴ്ച പുറത്ത് അഴിച്ച് വിടാതെ കൂട്ടിൽ കെട്ടിയിട്ട് നിരീക്ഷിക്കാൻ വെറ്ററിനറി വിഭാഗം നിർദേശിച്ചു. പേവിഷബാധയേറ്റ ആടുകളെ വളർത്തിയ വീട്ടുകാരോടും അടിയന്തരമായി വൈദ്യ പരിശോധന നടത്തി പ്രതിരോധ വാക്സിൻ എടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. അതിനാൽ അടിയന്തരമായി ഇവയെ പിടികൂടി വന്ധ്യംകരണം നടത്തണമെന്ന് കഴിഞ്ഞ ദിവസത്തെ ആലുവ നഗരസഭാ സ്റ്റീയറിങ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. തെരുവുകളിൽ കന്നുകാലികളെ അഴിച്ചു വിടരുതെന്നും നഗരസഭ അധികൃതർ നിർദേശിച്ചിട്ടുണ്ട്.